പ്രകടനപത്രികയിൽ പൗരത്വ നിയമത്തെക്കുറിച്ച് മൗനം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിഷയം മാറിമറിയുമ്പോൾ കോൺഗ്രസ് നിലപാടിലെ ‘ഒളിച്ചുകളി’ ന്യൂനപക്ഷ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. പൗരത്വ നിയമ ഭേദഗതി, ഫലസ്തീൻ ഐക്യദാർഢ്യം, കശ്മീരിന്‍റെ 370ാം വകുപ്പ് പുനഃസ്ഥാപിക്കൽ, രാമേക്ഷേത്ര പ്രതിഷ്ഠ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിന്‍റെ വിവിധ തട്ടിലുള്ള സമീപനങ്ങളെ ചൊല്ലിയാണ് ചർച്ച. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിം ലീഗിന്‍റെ പച്ചക്കൊടി ഒഴിവാക്കിയ നടപടിയും ഇതോടൊപ്പം ചർച്ചയിലേക്ക് കടന്നുവരികയാണ്. ഇടതുപക്ഷം ഇക്കാര്യങ്ങൾ കോൺഗ്രസിനെതിരെ ഉന്നയിക്കുമ്പോൾ കേരളത്തിൽ യു.ഡി.എഫ് വലിയ പ്രതീക്ഷ വെക്കുന്ന മുസ്ലിം വോട്ടുകളിൽ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ വിവാദ പൗരത്വ നിയമ ഭേദഗതി, 370ാം വകുപ്പ് എന്നിവയെക്കുറിച്ച് ഒന്നുമില്ല. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് ഭരണഘടനയുടെ മൗലിക സങ്കൽപത്തെ തകർക്കുന്നതാണെന്നും അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അധികാരത്തിൽ തിരികെ വന്നാൽ എന്തൊക്കെ ചെയ്യുമെന്ന പ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതിയിലെ നിലപാട് എന്തുകൊണ്ട് ഇടംപിടിച്ചില്ലെന്നത് പാർട്ടി അണികൾ പോലും അമ്പരപ്പിലാണ്.
ഫലസ്തീൻ പ്രശ്നത്തിൽ ഇടതുപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന് പിന്നാലെയാണ് കേരളത്തിൽ കോൺഗ്രസ് ഐക്യദാർഢ്യ റാലിയുമായി രംഗത്തുവന്നത്. ഹമാസിന് തീവ്രവാദ പരാമർശം നടത്തിയ പ്രവർത്തകസമിതി അംഗം ശശി തരൂർ പരാമർശം പിൻവലിച്ചിട്ടുമില്ല. രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ലെന്ന തീരുമാനമെടുക്കാനും കോൺഗ്രസ് ഏറെ സമയമെടുത്തു. ഇക്കാര്യത്തിൽ എ.ഐ.സി.സി തീരുമാനത്തിനെതിരായ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഒന്നാം ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ സമാപിച്ചപ്പോൾ 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് രാഹുൽ ഗാന്ധിയാണ്. പക്ഷേ, പ്രകടനപത്രികയിൽ അത് ഇടംപിടിച്ചില്ല.
ബി.ജെ.പിയുടെ ഭിന്നിപ്പിന്‍റെ അജണ്ടക്ക് പിന്നാലെ പോകാൻ കോൺഗ്രസ് ഒരുക്കമല്ലെന്നാണ് ഇതേക്കുറിച്ച് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം. കോൺഗ്രസ് സർക്കാർ വന്നാൽ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി നേരത്തേ പ്രഖ്യാപിച്ചതാണെന്നും വേണുഗോപാൽ വിശദീകരിക്കുന്നു. പ്രകടനപത്രികയിൽ ചിലത് പറയാതെ വെച്ചതും രാഹുലിന്‍റെ റാലിയിൽ പച്ചക്കൊടി ഒഴിവാക്കിയത് ഉൾപ്പെടെയുള്ള നീക്കങ്ങൾ സംഘ്പരിവാറിന്റെ കുതന്ത്രങ്ങൾക്കെതിരെ തന്ത്രപരമായ സമീപനമെന്നാണ് കോൺഗ്രസ് നേതാക്കൾ സ്വകാര്യമായി വിശദീകരിക്കുന്നത്.
വിദ്വേഷവും നുണയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാക്കി വോട്ടർമാരെ സ്വാധീനിക്കാൻ എതിർപക്ഷം വലിയ സന്നാഹങ്ങളുമായി രംഗത്തുള്ളപ്പോൾ കോൺഗ്രസിന്‍റെ കരുതലിന് ന്യായമുണ്ട്. എങ്കിലും നിലപാടുകൾ ഉറപ്പിച്ചുപറയേണ്ടിടത്ത് പറയാൻ കഴിയാതെ പോകുന്നുവോയെന്ന ചോദ്യം ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.