പത്മശ്രീ അലി മണിക്ഫാൻ ദാ ഇവിടെയുണ്ട്; ഒളവണ്ണയിലൊരു പണയ വീട്ടിൽ
text_fieldsപന്തീരാങ്കാവ്: നല്ലളം പുളക്കടവ് പാലത്തിന് സമീപത്ത് അലി മണിക് ഫാന്‍റെ വീട് ചോദിച്ചാൽ അധികപേർക്കും അറിയില്ല. തലയിൽ ഷാൾ കെട്ടി, ജുബയും മുണ്ടും ഊശാൻ താടിയും വെച്ച ലക്ഷ ദ്വീപുകാരനായ 'മുസ്ല്യാരയേ' ചുറ്റുവട്ടത്തുമുള്ളവർക്ക് അറിയൂ. തിങ്കളാഴ്ച മാധ്യമങ്ങളിലൂടെ പത്മശ്രീ ലഭിച്ച വാർത്ത വരികയും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളും തേടി വരികയും ചെയ്യുമ്പോഴാണ് തൊട്ടടുത്തുള്ളവർക്ക് പോലും അലി മണിക്ഫാൻ എന്ന നാവിക ഗോള ശാസ്ത്ര ഗവേഷകനാണ് പുളക്കടവിലെ വാടക വീട്ടിൽ താമസിക്കുന്നതെന്ന് മനസ്സിലായത്.
ആദ്യ ഭാര്യയുടെ മരണശേഷം 2010ലാണ് മണിക്ഫാൻ നല്ലളം വലിയകത്ത് സുബൈദയെ വിവാഹം കഴിക്കുന്നത്. ദ്വീപിലും തമിഴ്നാട്ടിലുമൊക്കെയായി താമസിച്ചിരുന്ന മണിക്ഫാൻ കഴിഞ്ഞ ജൂൺ മുതലാണ് പൂളക്കടവിനടുത്ത ഓട് മേഞ്ഞ ചെറിയ വാടക വീട്ടിൽ താമസം തുടങ്ങിയത്. പണയത്തിനാണ് ഈ വീടെടുത്തത്.
സെൻട്രൽ മറൈൻ ഫിഷറിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ശേഷം ലഭിക്കുന്ന പെൻഷനാണ് മണിക്ഫാൻ്റെയും ഭാര്യയുടെയും ജീവിതോപാധി. ഇടക്ക് പലരും ക്ലാസുകളെടുക്കാനും പ്രഭാഷണങ്ങൾക്കുമായി വിളിക്കാറുണ്ട്. മറ്റു സമയമെല്ലാം എഴുത്തും വായനയുമായി ഈ കൊച്ചു വീട്ടിൽ ശാസ്ത്ര മത ചിന്തകളുടെ ലോകത്ത് തന്നെയാണ് മണിക്ഫാൻ.
ആഗോള ഹിജ്റ കലണ്ടറിന്‍റെ ഉപജ്ഞാതാവ് എന്ന നിലയിൽ മതവേദികളിൽ പ്രശസ്തനായ മണിക്ഫാൻ ആഗോള ഏകീകൃത പെരുന്നാളിനും റംസാൻ അനുഷ്ഠാനത്തിനുമായി നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
നിലവിലെ സാമ്പ്രദായിക വിദ്യാലയ രീതികളെ സ്വന്തം ജീവിതം കൊണ്ട് തിരുത്തിയാണ് മണിക്ഫാൻ മാതൃക കാട്ടിയത്. എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ തന്നെ, തന്‍റെ പഠനം ക്ലാസിന് പുറത്താണെന്ന് തിരിച്ചറിഞ്ഞ് സ്കൂൾ ചുവരുകൾക്ക് പുറത്ത് കടന്ന മണിക്ഫാൻ, ഗവേഷണങ്ങും നിരീക്ഷണങ്ങളും കണ്ടെത്തലുകളുമെല്ലാം നടത്തിയത് ചുറ്റുപാടുകളിൽ നിന്നായിരുന്നു.
ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ജർമൻ, ലാറ്റിൻ ഭാഷകൾക്കൊപ്പം സംസ്കൃതം, തമിഴ്, മലയാളം, കന്നഡ തുടങ്ങി 14 ഭാഷകളിൽ പ്രാവീണ്യമുണ്ട് മണിക്ഫാന്. ഓരോ കുട്ടിയും വ്യത്യസ്ഥ വ്യക്തികളാണ്, വ്യത്യസ്ഥതമായി തന്നെയാണ് അവരെ പഠിപ്പിക്കേണ്ടതെന്ന് മണിക്ഫാൻ പറയുന്നു. എല്ലാവർക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം തെറ്റാണെന്ന് വിശ്വസിക്കുന്ന മണിക്ഫാൻ തന്‍റെ നാല് മക്കളെയും ഔപചാരിക വിദ്യാഭ്യാസത്തിന് വിട്ടിട്ടില്ല.
ജീവിതത്തിൽ സമ്പാദിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. അത് കൊണ്ടാണ് പല ജോലികളും ഉപേക്ഷിച്ച് ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടേയും വഴി തിരഞ്ഞെടുത്തത്.
ദ്വീപിലും തമിഴ്നാട്ടിലുമുണ്ടായിരുന്ന സമ്പാദ്യമെല്ലാം മക്കൾക്ക് വീതിച്ച് നൽകിയാണ് ഒളവണ്ണയിലെ കൊച്ചു വാടക വീട്ടിൽ ഭാര്യയോടൊപ്പം സ്വസ്ഥമായി കഴിയുന്നത്. പത്മശ്രീ ജീവിതത്തിലെന്ത് മാറ്റം വരുത്തുമെന്ന ചോദ്യത്തിന്, അലി മണിക്ഫാൻ നാളെയും ഈ രീതികളുമായി ഇവിടെ തന്നെയുണ്ടാവുമെന്ന മറുപടിയിൽ സത്യസന്ധമായ തന്‍റെ ജീവിതം തുറന്ന് പ്രഖ്യാപിക്കുകയാണ് മണിക്ഫാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.