പത്തനംതിട്ടയിലും നാശംവിതച്ച് മണിമലയാർ
text_fieldsപത്തനംതിട്ട: ജില്ലയിൽ രണ്ടാം ദിവസവും കനത്ത മഴ തുടർന്നത് ജനങ്ങളെ വലച്ചു. കരകവിഞ്ഞ മണിമലയാറാണ് ഏറ്റവും നാശം വിതച്ചത്. പമ്പ, അച്ചൻകോവിൽ നദികളിലും ജലനിരപ്പ് അപകടകരമായി ഉയർന്ന നിലയിലാണ്.
ജില്ലയിൽ ഭൂരിഭാഗം പ്രദേശവും വെള്ളപ്പൊക്ക കെടുതിയിലാണ്. 63 ദുരിതാശ്വാസ ക്യാമ്പുകളിലായി 1840 പേരെ മാറ്റി പാർപ്പിച്ചു. 27 വീടുകൾ പൂർണമായും 307 വീടുകൾ ഭാഗികമായും തകർന്നു. കൊല്ലത്തുനിന്ന് അഞ്ച് മത്സ്യബന്ധന ബോട്ടുകൾ എത്തിച്ചാണ് മല്ലപ്പള്ളി, തിരുവല്ല മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയത്.
ശനിയാഴ്ച കൂട്ടിക്കാനത്തടക്കം ദുരന്തം വിതച്ച വെള്ളം മണിമലയാറ്റിലൂടെ ഞായറാഴ്ച രാത്രിയോടെ ജില്ലയിലെ കോട്ടാങ്ങൽ, കുളത്തൂർമൂഴി, വായ്പ്പൂര്, മല്ലപ്പള്ളി, തുരുത്തിക്കാട്, വെണ്ണിക്കുളം എന്നിവിടങ്ങളിലെത്തി. ഉച്ചയോടെ കല്ലൂപ്പാറ കവിയൂർ, തിരുവല്ല എന്നിവിടങ്ങളിലും മലവെള്ളം എത്തിച്ചേർന്നു.
മല്ലപ്പള്ളിയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിലാണ്. ഇവിടെ 600ലേറെ വീടുകളിൽ െവള്ളം കയറി.
രക്ഷാദൗത്യം നടക്കുന്നുവെങ്കിലും പലയിടത്തും രക്ഷാ പ്രവർത്തകർക്ക് എത്താനായിട്ടില്ല. ഇരുനില വീടുകളുള്ളവർ രണ്ടാം നിലയിൽ അഭയം തേടി. ഇവർക്ക് ഭക്ഷണം എത്തിക്കൽ ദുഷ്കരമായി. അപ്പർ കുട്ടനാട്ടിൽ വൻ തോതിൽ വെള്ളം ഉയർന്നു തുടങ്ങി.
ഇവിെട ആയിരത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. പലയിടത്തും ഒഴുക്ക് ശക്തമായതിനാൽ വള്ളങ്ങൾ ഇറക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. നദികളിൽ വെള്ളപ്പാച്ചിൽ രൂക്ഷമായതോടെ നദീതീരങ്ങളിലുള്ളവർ ൈകയിൽ കിട്ടിയവയുമായി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.