മണിപ്പൂർ വംശഹത്യ: വിമൻ ജസ്റ്റിസ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു
text_fieldsമണിപ്പൂരിൽ ഭരണകൂടത്തിെൻറ മൗനാനുവാദത്തോടെ നടക്കുന്ന വംശഹത്യക്കെതിരിൽ വിമൻ ജസ്റ്റിസ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. മണിപ്പൂരിൽ വംശീയ കലാപങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നും ബലാൽസംഗത്തെ ആയുധമാക്കുന്ന വംശഹത്യയാണ് മണിപ്പൂരിൽ നടക്കുന്നതെന്നതിൻെറ ഞെട്ടിക്കുന്ന തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്ന പീഡനദൃശ്യങ്ങളെന്നും പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡൻറ് വി എ ഫായിസ പറഞ്ഞു. വിവിധ ഇടങ്ങളിൽ പ്രകടനങ്ങളായും പന്തംകൊളുത്തിയും ധർണ്ണകളായും പ്രതിഷേധിച്ചു.
മലപ്പുറം ജില്ലയിൽ വണ്ടൂർ മണ്ഡലത്തിലെ കരുവാരക്കുണ്ടിലെ പന്തംകൊളുത്തി പ്രകടനം സംസ്ഥാന പ്രസിഡൻറ് വിഎ ഫായിസ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കുന്ദമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലത്തിൻെറ നേതൃത്വത്തിൽ നടന്നു. വിവിധ ജില്ലകളിലെ പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന-ജില്ല ഭാരവാഹികൾ നേതൃത്വം നൽകി.
അധികാര സംവിധാനങ്ങളുടെ അവഗണനകളും ഒത്താശകളും അതിക്രമങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്. പൊതുജനമധ്യത്തിലൂടെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാൽസംഗത്തിനിരയാക്കപ്പെട്ടവരിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. ക്രൂരനടപടിക്ക് പിന്നിലുള്ള മുഴുവൻപേരെയും നിയമത്തിന് മുൻപിൽ ഹാജരാക്കണമെന്നും ഇതിനെതിരിൽ വൻപ്രക്ഷോഭത്തിന് നീതിയുടെ പോരാളികൾ സജ്ജരാകണമെന്നും ഫായിസ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.