മണിപ്പൂർ: മോദിയുടെ മൗനത്തെ വിമർശിച്ച് കണ്ണൂർ ബിഷപ്
text_fieldsകണ്ണൂർ: മണിപ്പൂർ കൂട്ടക്കൊലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനം ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും ആക്രമിക്കപ്പെടുന്നവർ ഞങ്ങളുടെ ആളുകളല്ല എന്ന നിലക്കുള്ള മൗനം ജനം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണിപ്പൂരിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂരിൽ യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിൽ ഇത്രയും വലിയ മരണങ്ങൾ നടക്കുമ്പോൾ ഇതൊന്നും ഞാനറിയുന്നില്ല എന്ന് ഭാവിക്കുന്ന ചില നേതാക്കളുണ്ട് നമുക്ക്. പ്രത്യേകിച്ച് പ്രധാനമന്ത്രി. അദ്ദേഹം പാലിക്കുന്ന മൗനം നമ്മൾ തിരിച്ചറിയണം. ജനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം നേതാക്കളെ നമ്മൾ തെരഞ്ഞെടുക്കുന്നത്.
ജനങ്ങൾക്ക് സങ്കടം വരുമ്പോൾ അവർക്ക് ഒപ്പം നിലകൊള്ളാതെ അത് ഞങ്ങളുടെ രാഷ്ട്രീയ പാർട്ടിയല്ല, ഞങ്ങളുടെ വർഗമല്ല, ഞങ്ങളുടെ മത വിഭാഗമല്ല എന്ന് വേറിട്ടു കാണുകയാണ് ഇവർ. ഇങ്ങനെ മൗനം പാലിക്കുന്നവർ ആരെല്ലാമെന്ന് ഭാരത ജനങ്ങൾ തിരിച്ചറിയണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.