മണിപ്പൂര് കലാപം: ഭരണകൂടം നോക്കിനിൽക്കുന്നതിൽ ആശങ്ക -കാതോലിക്ക ബാവ
text_fieldsകോട്ടയം: മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് കാഴ്ചക്കാരായി നിൽക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഭരണകൂടം നോക്കി നിൽക്കുന്നത് ആശങ്കയുണ്ടാക്കുന്നു. അടിയന്തരമായി പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം കോട്ടയത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനശേഷവും സ്ഥിതി ശാന്തമാകാത്തത് ആശങ്കയുണ്ടാക്കുന്നു. മുമ്പ് കലാപങ്ങളുണ്ടായപ്പോൾ അടിച്ചമർത്തിയിരുന്നെങ്കിൽ മണിപ്പൂരിൽ ആവർത്തിക്കുമായിരുന്നില്ല. ശക്തമായ പട്ടാള സാന്നിധ്യം ഏർപ്പെടുത്തി കലാപം അവസാനിപ്പിക്കണം. ന്യൂനപക്ഷ മത പീഡനമാണ് മണിപ്പൂരിലേതെന്ന് സഭക്ക് അഭിപ്രായമില്ല. കലാപത്തെ പൂർണമായും വർഗീയവത്കരിക്കരുത്. രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ കലാപമാണ് നടക്കുന്നത്. ഇരുവിഭാഗത്തിനും ജീവഹാനിയുണ്ടായി. എന്നാൽ, കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നിരവധി പള്ളികൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ഉള്ളടക്കം പുറത്തുവരാത്തതിനാൽ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് വ്യക്തമായി പറയാൻ സാധിക്കില്ലെന്നും ബാവ പറഞ്ഞു. രാജ്യത്തിന്റെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന നിയമനിർമാണം പാടില്ല. ഭാരത സംസ്കാരം അതല്ല. വിവിധ മതങ്ങളുടെ ആചാരങ്ങളും രീതികളും തച്ചുടക്കുന്ന തരത്തിലുള്ള സിവിൽ കോഡ് ശരിയല്ല.
സഭാതർക്കം സംബന്ധിച്ച സമവായ നിർദേശങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ സമർപ്പിച്ചിട്ടുണ്ട്. സഭയുടെ ഭരണഘടന, കോടതിവിധി എന്നിവയിൽ ഉറച്ചുനിന്നുള്ളതാണ് ഒത്തുതീർപ്പ് നിർദേശങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.