മൗനിയായ ഭരണാധികാരിക്കു കീഴിൽ മണിപ്പൂർ ആവർത്തിക്കും - ടി. പത്മനാഭൻ
text_fieldsഇരിട്ടി: മൗനിയായ ഭരണാധികാരി അധികാരത്തിലിരിക്കുമ്പോൾ എവിടെയും മണിപ്പൂർ ആവർത്തിക്കുമെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. കോൺഗ്രസ് ജില്ല കമ്മിറ്റി ഇരിട്ടിയിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യവും സന്ദർശിച്ച് പുരസ്കാരം ഏറ്റുവാങ്ങുന്ന ഭരണാധികാരിക്ക് ഇന്ത്യക്ക് വെളിയിലിറങ്ങാൻ ഇനി അല്പം ജാള്യതയുണ്ടാവും. വൈവിധ്യങ്ങളെ മാറ്റി ഏകാത്മക രീതി മതിയെന്ന് പറയുന്നവരാണ് നാട് ഭരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെവിടെയും ഈ വിഭാഗത്തെ കണ്ടിട്ടില്ല. എല്ലാ ഏകാധിപതിയും ഭരണത്തിൽ വന്നാൽ ആദ്യം ചരിത്രം മാറ്റിയെഴുതും. റഷ്യയുടെയും ചൈനയുടെയും ജർമനിയുടെയും ചരിത്രം അതാണ് നമ്മോട് പറയുന്നത്. നമ്മുടെ രാജ്യത്തും ഘട്ടം ഘട്ടമായി ചരിത്രം മാറ്റിയെഴുതുകയാണ്. അത്യന്തം ഭീതിദമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അപ്പോൾ മണിപ്പുർ ആവർത്തിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി സി.പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മതത്തെ ആയുധമാക്കി ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഭരണഘടന തന്നെ ഇല്ലാതാക്കുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഫാ. ഫിലിപ്പ് കാവിയിൽ, യഹ്യ ബാഖവി, സണ്ണി ജോസഫ് എം.എൽ.എ, സജി ജോസഫ് എം.എൽ.എ, അഡ്വ. സോണി സെബാസ്റ്റ്യൻ, ഡോ. കെ.വി. ഫിലോമിന, ചന്ദ്രൻ തില്ലങ്കേരി, പി.ടി. മാത്യു, സി.ടി. സജിത്ത്, ടി. ജയകൃഷ്ണൻ, രഞ്ചിത്ത് നാറാത്ത്, ലിസി ജോസഫ്, രാജീവൻ എളയാവൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.