വെള്ളം കുതിച്ചെത്തി: മണിയാർ ബാരേജ് തുറന്നു; പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
text_fieldsവയറിങ് ഷോർട്ടേജ് പരിഹരിച്ച് മണിയാർ ബാരേജിന്‍റെ ഷട്ടർ ഉയർത്തിയത് ആശ്വാസമായി
പത്തനംതിട്ട: കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്നതോടെ മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ, അള്ളുങ്കൽ, കാരിക്കയം അണക്കെട്ടുകളിൽനിന്നു ഒഴുകിയെത്തുന്ന അധിക ജലം മൂലം ബാരേജിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലാണ് മണിയാറിലെ ഷട്ടറുയർത്തിയത്.
ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി നിലനിർത്താൻ സ്പിൽവേ ഷട്ടറുകൾ നിയന്ത്രിത അളവിൽ ഉയർത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർക്കും മണിയാർ, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികൾക്കും ജാഗ്രതാ നിർദേശം നൽകി. ശബരിഗിരി പദ്ധതികളുടെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകി. ഇരച്ചെത്തിയ വെള്ളം തുറന്ന് വിടാൻ മണിയാർ അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്താൻ കഴിയാഞ്ഞത് ആശങ്കക്ക് ഇടയാക്കി. വയറിങ് ഷോർട്ടേജ് പരിഹരിച്ച് ഷട്ടറുകൾ ഉയർത്താൻ കഴിഞ്ഞതോടെയാണ് ആശ്വാസമായത്.
ശനി വൈകീട്ട് ആറോടെയാണ് സംഭവം. കിഴക്കൻ മേഖലകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കക്കാട്ടാറിലൂടെ വൻതോതിലാണ് വെള്ളം ഒഴുകിയത്തിയത്. അണക്കെട്ട് നിറയുമെന്ന നിലയിലേക്ക് എത്തിയപ്പോൾ അധികൃതർ ഷട്ടർ ഉയർത്താൻ ശ്രമിക്കുമ്പോഴാണ് ഇവ പ്രവർത്തന രഹിതമാണെന്ന് കണ്ടത്. മണിയാർ ഡാമിൽ ഷട്ടർ മാറ്റുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടക്കുകയാണ്. വയറുകൾ ഷോർട്ടായി വൈദ്യുത ബന്ധം നിലച്ചതിനാൽ ഷട്ടറുകൾ ഉയർത്താൻ പറ്റാതെയായി.
ഇരച്ചെത്തിയ വെള്ളം ഡാമിന്റെ ഷട്ടറുകൾക്ക് മുകളിലൂടെയും ഒഴുകിയത് ആശങ്കക്കിടയാക്കി. ഇതിനിടെ മനുഷ്യ പ്രയത്നത്താൽ ഷട്ടർ ഉയർത്താനും വയറിങ്ങിന്റെ തകരാർ പരിഹരിക്കാനും അധികൃതർ നടത്തിയ ശ്രമം ഫലം കണ്ടു. തകരാർ പരിഹരിച്ച് വൈദ്യുതി ഉപയോഗിച്ച് തന്നെ ഷട്ടറുകൾ ഉയർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.