മങ്കടയില്‍ രണ്ടാം വരവില്‍ താരമായി മഞ്ഞളാംകുഴി അലി
text_fieldsമങ്കട: ഇത്തവണ തീപാറും പോരാട്ടത്തിന് വേദിയൊരുങ്ങിയ മങ്കടയില്‍ യു.ഡി.എഫ് പാരമ്പര്യം നിലനിര്‍ത്തി മഞ്ഞളാംകുഴി അലി നേടിയ വിജയത്തിന് പ്രത്യേകതകള്‍ ഏറെ. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ടി.എ. അഹമ്മദ് കബീറിെൻറ ഭൂരിപക്ഷം 1508 ലേക്ക് ചുരുങ്ങിയത് യു.ഡി.എഫ് കോട്ടകളില്‍ നെഞ്ചിടിപ്പ് വർധിപ്പിക്കാന്‍ കാരണമായിരുന്നു. ഇത്തവണ ശക്തനായൊരു എതിരാളിയില്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെടുമെന്ന കണക്കുകൂട്ടലിനൊടുവിലാണ് മഞ്ഞളാംകുഴി അലി രക്ഷകനായെത്തുന്നത്. ഇടതുതരംഗം ആഞ്ഞടിഞ്ഞ തെരഞ്ഞെടുപ്പിൽ 5900ത്തിലേറെ വോട്ടുകൾക്കായിരുന്നു അലിയുടെ വിജയം.
പ്രായത്തെ വെല്ലുന്ന ചുറുചുറുക്കും ജനഹൃദയങ്ങളിലെ സ്‌നേഹ സാന്നിധ്യവും കൈ മുതലാക്കി പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചു വന്ന മഞ്ഞളാം കുഴി അലി പ്രചാരണത്തിലും മുന്‍ നിരയില്‍ തന്നെയായിരുന്നു. മങ്കട മണ്ഡലത്തില്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ ലീഗ് ആധിപത്യത്തിെൻറ ചരിത്രം തിരുത്തി 2006ല്‍ ഇടതിന് മണ്ഡലം നേടിക്കൊടുത്ത് ഹീറോ ആയതാണ് മഞ്ഞളാംകുഴി അലി. ഇടതു ബാനറില്‍ രണ്ടു തവണ മങ്കടയെ പ്രതിനിധാനം ചെയ്യുകയും ഇടതുപക്ഷത്തിെൻറ വാഗ്ദാനങ്ങളില്‍ മനം മടുത്ത് ഇടതിനോടിടഞ്ഞ് യു.ഡി.എഫ് പക്ഷത്തേക്ക് കൂറു മാറുകയും ചെയ്തതാണ് ചരിത്രം.
മുസ്ലിം ലീഗില്‍ ചേര്‍ന്നതില്‍ പിന്നെ സ്വന്തം തട്ടകമായ മങ്കട വിട്ട് പെരിന്തല്‍മണ്ണയില്‍ പോരിനിറങ്ങിയ അലി ഇടതുപക്ഷത്തെ പരാജയപ്പെടുത്തി രണ്ടു തവണ വിജയ കിരീടം നേടി. ഈ ചരിത്ര പശ്ചാത്തലങ്ങളുടെ പാരമ്പര്യവുമായാണ് അലിയുടെ രണ്ടാം വരവ്. സിനിമ നിര്‍മാതാവും അഭിനേതാവും കൂടിയായിരുന്ന അലി രാഷ്ട്രീയ രംഗത്ത് സജീവമായതില്‍ പിന്നെ സേവന പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ക്കിടയില്‍ തന്നെയുണ്ടായിരുന്നു. ഫാന്‍സുകാര്‍ക്കിടയില്‍ അലിയുടെ കുപ്പായത്തിന്‍റെ നിറം പ്രശ്‌നമാകുന്നില്ല എന്നാണ് വിജയം സൂചിപ്പിക്കുന്നത്.
പാര്‍ട്ടി മാറിയപ്പോഴും അലിയോടൊപ്പം ഉറച്ചു നിന്നവരാണ് മിക്ക ഫാന്‍സുകാരും. രാഷ്ട്രീയത്തിനതീതമായി ജനഹൃദയങ്ങളില്‍ തനിക്കുള്ള വിശ്വാസവും സ്‌നേഹവും തന്നെ വിജയത്തിലേത്തിക്കുമെന്ന ഉറച്ചവിശ്വാസമായിരുന്നു അലിക്കുണ്ടായിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകളാണ് ഇത്തവണ അലിയെ തുണച്ച മറ്റൊരു മുഖ്യഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.