നടുങ്ങി മഞ്ചേരി
text_fieldsമഞ്ചേരി: നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടുങ്ങി നാട്. ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേരുടെ മരണം മഞ്ചേരിയെ കണ്ണീരിലാഴ്ത്തി. സഹോദരിമാർക്കും ഒരാളുടെ രണ്ട് മക്കൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കുമാണ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് നാട്ടുകാരും തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ് ആദ്യം ഓടിയെത്തിയത്. ഓട്ടോറിക്ഷ പൂർണമായും തകർന്നതോടെ രക്ഷാപ്രവർത്തനവും ദുഷ്കരമായി. നാട്ടുകാരുടെ നേതൃത്വത്തിൽ വിവിധ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
ദുരന്ത വാർത്ത പരന്നതോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ആളുകൾ ഒഴുകിയെത്തി. ആശുപത്രിയിലെത്തും മുമ്പേ ഓട്ടോ ഡ്രൈവറായ അബ്ദുൽ മജീദ് മരിച്ചിരുന്നു. മുഹ്സിനയും റൈഹ ഫാത്തിമയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സഹോദരിമാരുടെ മാതാവായ സാബിറക്ക് അപകടത്തിൽ പരിക്കുണ്ട്. സാബിറയുടെ പുല്ലൂരിലുള്ള മാതാവിനെ കാണാൻ പോകുന്നതിനിടെയാണ് ദാരുണ അപകടം. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എം.എൽഎമാരായ അഡ്വ. യു.എ. ലത്തീഫ്, എ.പി അനിൽകുമാർ, ടി.വി. ഇബ്രാഹീം, പി. ഉബൈദുല്ല, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി. അബ്ദുറഹീം, കൗൺസിലർമാരായ മരുന്നൻ സാജിദ് ബാബു, എ.വി. സുലൈമാൻ, ഹുസൈൻ മേച്ചേരി എന്നിവർക്കൊപ്പം ഡിവൈ.എസ്.പി അബ്ദുൽ ബഷീർ, സി.ഐ റിയാസ് ചാക്കിരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ആശുപത്രിയിലെത്തിയിരുന്നു. നവീകരണം പൂർത്തിയാക്കിയ മഞ്ചേരി - അരീക്കോട് റോഡിൽ അപകടങ്ങൾ വർധിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ചെട്ടിയങ്ങാടിയിലുണ്ടായ അപകടത്തിൽ അടുത്തിടെ യുവാവ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.