11 വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ; മഞ്ചേരി നഗരത്തിന് പൂട്ട് വീണു
text_fieldsമഞ്ചേരി: നഗരസഭയിലെ 11 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളാക്കിയതോടെ നഗരത്തിലും പരിസരങ്ങളിലും കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു. നഗരം സ്ഥിതി ചെയ്യുന്ന വാർഡുകൾ ഉൾപ്പെടെയുള്ളവയാണ് പട്ടികയിൽ ഉൾപ്പെട്ടത്. നഗരത്തിലേക്കുള്ള പ്രധാന പാതകളെല്ലാം വാർഡുകളുടെ അതിർത്തിയിൽ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. നെല്ലിപ്പറമ്പ്, കച്ചേരിപ്പടി ജംങ്ഷൻ, മുള്ളമ്പാറ ജങ്ഷൻ, അരുകിഴായ റോഡ്, ചെരണി പ്ലൈവുഡ് റോഡ്, മംഗലശ്ശേരി റോഡ് എന്നിവിടങ്ങളാണ് അടച്ചത്. പ്രധാന ജങ്ഷനുകളൽ പൊലീസ് വാഹനങ്ങൾ പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. ഇതിനുപുറമെ പൊലീസിെൻറയും നഗരസഭയുടെയും നേതൃത്വത്തിൽ അനൗൺസ്മെൻറ് വാഹനങ്ങളും പര്യടനം നടത്തുന്നുണ്ട്.
ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വരെ തുറന്ന് പ്രവർത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.ഹോട്ടലുകളിൽ പാർസൽ സർവിസ് അനുവദിക്കും. ജനത്തിരക്കേറിയ മഞ്ചേരി നിത്യമാർക്കറ്റിനും നിയന്ത്രണം ബാധകമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. കണ്ടെയ്ൻമെൻറ് സോണിലുൾപ്പെടുന്ന വാർഡുകളിലുള്ളവർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും കർശന നിർദേശം നൽകി. പുറത്തുനിന്നുള്ളവര്‍ ഇവിടേക്ക് പ്രവേശിക്കാനും പാടില്ല.ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, പോസ്റ്റ് ഓഫിസുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കൊറിയര്‍ സര്‍വിസ് സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.
ചെരണിയിലെ താമസക്കാരനായ അസം സ്വദേശിക്കും മഞ്ചേരിയിലെ സ്വകാര്യ ലാബ് ജീവനക്കാരനായ പന്തല്ലൂർ അരീചോല സ്വദേശിക്കും ആശാവർക്കറായ മാര്യാട് സ്വദേശിക്കും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ല കലക്ടർ 11 വാർഡുകളെ കണ്ടെയ്ൻമെൻറ് സോണുകളാക്കി പ്രഖ്യാപിച്ചത്. ചെരണി, നെല്ലിപറമ്പ്, മേലാക്കം, തടത്തിക്കുഴി, മംഗലശ്ശേരി, താണിപ്പാറ, കിഴക്കേത്തല, മഞ്ചേരി ടൗൺ, മാര്യാട്, വീമ്പൂർ, രാമൻകളം എന്നീ വാർഡുകളിലാണ് നിയന്ത്രണമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.