ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: മന്ത്രിയിൽ നിന്ന് ഈ നടപടി പ്രതീക്ഷിച്ചില്ലെന്ന് കുട്ടികളുടെ പിതാവ്
text_fieldsകോഴിക്കോട്: മലപ്പുറം കീഴ്ശേരി സ്വദേശിയായ യുവതിയുെട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് തയാറാക്കിയ റിപ്പോർട്ട് ന്യായീകരിച്ച് തങ്ങളെ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യുവതിയുടെ ഭർത്താവ് ശരീഫ്. ഇരകൾക്ക് ഒപ്പമുണ്ടെന്നു പറഞ്ഞ് കുറ്റവാളികളെകൊണ്ട് അന്വേഷണം നടത്തുന്ന നയമാണ് മന്ത്രി സ്വീകരിച്ചത്.
വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല. ഭാര്യയെ ഡിസ്ചാർജ് ചെയ്താൽ ദേശീയ മനുഷ്യാവകാശ കമീഷനിലും കോടതിയിലും പരാതി നൽകി നിയമ നടപടികൾ സ്വീകരിക്കുമെന്നും ശരീഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്തു വിട്ടതാണ്. തങ്ങളുടെ നിർബന്ധംമൂലം ഡിസ്ചാർജ് വാങ്ങി എന്നതരത്തിലുള്ള വാർത്തകൾ ശരിയല്ല. പുരുഷനായ മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിെൻറ നിലപാട് മനസ്സിലാക്കാം. എന്നാൽ, മന്ത്രി പ്രസവവേദന അറിയുന്ന സ്ത്രീയല്ലേ. അവരിൽനിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും ശരീഫ് വ്യക്തമാക്കി.
ഭാര്യ ഷഹലയുടെ ആരോഗ്യനില തൃപ്തികരമാണ്. കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും ശരീഫ് പറഞ്ഞു.
സംഭവത്തിൽ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എം. ഉമ്മർ എം.എൽ.എ ആരോഗ്യ മന്ത്രിയെ കണ്ടു. ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.