മന്ത്രിയുടെ ഉറപ്പ്; മഞ്ചേരി മെഡിക്കൽ കോളജ് സമരം തീർന്നു
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർഥികൾ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് വിദ്യാർഥി പ്രതിനിധികളുമായി ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12.20നാണ് സമരം അവസാനിപ്പിച്ചത്. രക്ഷിതാക്കൾ നൽകിയ നാരങ്ങാ ജ്യൂസ് കഴിച്ച് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചപ്പോൾ ആശുപത്രി അധികൃതർ പൂമാല ചാർത്തി.
വിദ്യാർഥികളുടെ ആവശ്യപ്രകാരം സർജറി വിഭാഗത്തിൽ മൂന്നും സീനിയർ റസിഡൻറായി നാലും ഗൈനക് വിഭാഗത്തിൽ ഒന്നും അടക്കം 11 ഡോക്ടർമാരെ നിയമിക്കും. സർജറി വിഭാഗത്തിൽ ചുമതലയേൽക്കുന്നവരുടെ ഉത്തരവും ഇറക്കിയിട്ടുണ്ട്. തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നിന്നാണ് നിയമനം. മെഡിസിനിൽ ഡെപ്യൂട്ടേഷനിൽ ഒരാളെയും നിയമിക്കും. ജൂനിയർ റസിഡൻറുമാരുടെ ശമ്പളം 35,000ത്തിൽ നിന്ന് 50,000 രൂപയാക്കാനും നടപടിയെടുക്കും.
മൂന്നര വർഷമായി മുടങ്ങിക്കിടക്കുന്ന മെഡിക്കൽ കോളജിലെ 74 കോടിയുടെ ഹോസ്റ്റൽ, ക്വാർട്ടേഴ്സ്, റോഡ് എന്നിവയടങ്ങിയ പദ്ധതിയുടെ ടെൻഡറും സാങ്കേതികാനുമതിയും രണ്ടാഴ്ചക്കകം പൂർത്തിയാക്കാനും ചർച്ചയിൽ ധാരണയായി. ചർച്ചക്ക് ശേഷം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെയും ആശുപത്രി സൂപ്രണ്ടിനെയും ആരോഗ്യ സെക്രട്ടറിയുടെ ഒാഫിസിൽ നിന്ന് അറിയിച്ച തീരുമാനങ്ങൾ പ്രിൻസിപ്പൽ ഡോ. സിറിയക് ജോബ് സമരപ്പന്തലിൽ എത്തി പ്രഖ്യാപിക്കുകയായിരുന്നു. നാലാം വർഷ വിദ്യാർഥികളായ കെ.ആർ. ഉത്തര, സുനീറ, സരിത, ആരിഫ ലുലു, ടി. ഷമീർ, എൻ. വിനായക്, ശരത് കെ. ശശി എന്നിവരാണ് നാലുദിവസം നിരാഹാരമിരുന്നത്. അവശരായ വിദ്യാർഥികളിൽ ചിലരെ വാർഡിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.