ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു.
text_fieldsന്യൂഡൽഹി: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ ബാലവകാശ കമ്മീഷെൻറ ഇടപെടൽ. മലപ്പുറം ജില്ലാ കലക്ടറോട് ഒരാഴ്ചക്കകം ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്ന് കമ്മീഷൻ ഓഫീസ് അറിയിച്ചിട്ടുണ്ട്. എം.എസ്.എഫ് ദേശീയ കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് ദേശീയ ബാലവകാശ കമ്മീഷെൻറ അന്വേഷണം.
സുപ്രഭാതം മഞ്ചേരി ലേഖകൻ എൻ.സി ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളായിരുന്നു കഴിഞ്ഞ 27ന് മരിച്ചത്. എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി അഷ്റഫലി, വൈസ് പ്രസിഡൻറ് പി.വി അഹമ്മദ് സാജു, സെക്രട്ടറി ഇ.ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ രജിസ്ട്രാറെ സന്ദർശിച്ചു. ചികിത്സാ വിവരങ്ങളും മറ്റും നേരിട്ട് കൈമാറുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും രജിസ്ട്രാർ പറഞ്ഞു.
മലപ്പുറം ജില്ലാ കലക്ടർ നേരത്തെ കുട്ടികളുടെ പിതാവ് എൻ.സി ഷെരീഫിൽ നിന്ന് മൊഴി എടുത്തിരുന്നു. ചികിത്സാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.പി ശശി, സൂപ്രണ്ട് ഡോ. നന്ദകുമാർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിന് പിന്നാലെ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
മഞ്ചേരി മെഡിക്കൽ കോളജിലെ കുറ്റക്കാരായ ഡോക്ടർമാർക്കും സൂപ്രണ്ടിനും എതിരെ നരഹത്യക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് പിതാവ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം ആരംഭിച്ചതായി എസ്.പി ഓഫീസിൽ നിന്ന് ബന്ധുക്കളെ അറിയ്ച്ചു. പ്രസവ വേദന ഉണ്ടെന്ന് അറിയ്ച്ചിട്ടും ചികിത്സ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നിർബന്ധപൂർവം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.