അഹിന്ദുക്കൾ വേണ്ട; മഞ്ചേശ്വരത്ത് കായിക മത്സരങ്ങളിലും വർഗീയത
text_fieldsകാസർകോട്: മഞ്ചേശ്വത്ത് ആർ.എസ്.എസ്-ബി.ജെ.പി സാംസ്കാരിക സ്ഥാപനങ്ങൾ നടത്തുന്ന കായികവിനോദങ്ങളിൽ ഇതരമത വിലക്ക്. ‘ഹിന്ദുക്കൾക്കുമാത്രം മത്സരിക്കാം’ എന്ന അറിയിപ്പോടുകൂടിയ നോട്ടീസുകളാണ് കായികമത്സരങ്ങൾക്ക് വിതരണം ചെയ്യുന്നത്. കർണാടകയോട് ചേർന്നുകിടക്കുന്ന പെരുംപദവിലെ ആർ.എസ്.എസ് നിയന്ത്രിക്കുന്ന ശ്രീദേവി സേവാസമിതിയുടെ കബഡി ടൂർണമെൻറിലാണ് ഇത്തരം നോട്ടീസ് ആദ്യം പ്രത്യക്ഷപ്പെട്ടത്. മേഞ്ചശ്വരം പൊലീസ് ടൂർണമെൻറിന് അനുമതി നൽകിയിരുന്നു. പിന്നാലെ പൈവളിഗെ ബേക്കൂറിൽ അണ്ടർ 18 ക്രിക്കറ്റ് മത്സരത്തിൽ 20 ടീമുകളെ തെരഞ്ഞെടുത്തപ്പോൾ അഹിന്ദുക്കളെ വിലക്കി. നവംബർ 22ന് നടത്താൻ നിശ്ചയിച്ച ഇൗ ടൂർണമെൻറിൽ ആധാർ നിർബന്ധമാക്കുകയും ചെയ്തിരുന്നു. നോട്ടീസ് പുറത്തായതോടെ ടൂർണെമൻറ് റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. സംഘാടകർ രജിസ്ട്രേഷനുവേണ്ടി നൽകിയ മൊബൈൽ നമ്പർ ഇപ്പോൾ പ്രവർത്തനരഹിതമാണ്. നോട്ടീസ് ഇല്ലാതെയും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതായാണ് വിവരം.
ടൂർണമെൻറുകളിൽ കർണാടകയിൽനിന്നുള്ളവരാണ് ഏറെയും അതിഥികളായി എത്തുന്നത്. വർഗീയത ആളിക്കത്തിക്കുന്ന പ്രസംഗങ്ങളാണ് ഉണ്ടാവുക. വർഗീയമായി സംഘടിപ്പിക്കുന്ന ടൂർണമെൻറുകൾക്കെതിരെ സി.പി.എം രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ഹിന്ദുക്കൾ അവർക്ക് മാത്രമായി ടൂർണമെൻറ് സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. എന്നാൽ, ബി.ജെ.പി അത്തരം പരിപാടികൾ സംഘടിപ്പിക്കുന്നില്ല. മഞ്ചേശ്വരത്തെ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. ഹിന്ദുക്കൾ ടൂർണമെൻറ് സംഘടിപ്പിച്ചുവെന്ന പേരിൽ കേസെടുത്താൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.