മഞ്ചേശ്വരം കോഴക്കേസ്: രക്ഷപ്പെടാൻ പഴുതൊരുക്കിയത് പൊലീസ്
text_fieldsകാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ അന്വേഷണ സംഘത്തെ കുടഞ്ഞ് ജില്ല അഡീഷനൽ സെഷൻസ് ജഡ്ജിയുടെ വിധി ന്യായം. തെരഞ്ഞെടുപ്പ് കുറ്റകൃത്യം സംബന്ധിച്ച കേസ് സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെയും കേസ് മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ രേഖകൾ ലഭ്യമാക്കാത്തതിനെതിരെയുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറുപ്രതികളെ കുറ്റമുക്തരാക്കിയ വിധിന്യായത്തിൽ പറയുന്നത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കുറ്റകൃത്യം 171(ബി), 171(ഇ), ഐ.പി.സി 201 പ്രകാരം ശിക്ഷാർഹമാണ്.
എന്നാൽ, ഇവിടെ പ്രതിയെ കുറ്റാരോപിതനാക്കുന്നതിനാവശ്യമായ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ ലഭ്യമാക്കിയിട്ടില്ല. പ്രതിക്കെതിരെ ചുമത്തിയ കുറ്റം നടന്നത് 2021 മാർച്ച് 21നാണ്. അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത് 2023 സെപ്റ്റംബർ ഒന്നിനും. കുറ്റപത്രം സമർപ്പിക്കാൻ നിയമപരമായി അനുവദിച്ച കാലപരിധിയും ഒരു വർഷവും ഏഴുമാസവും കുറ്റപത്രം സമർപ്പിക്കാനെടുത്തു. ഇത്തരം കേസുകളിൽ കോടതിക്ക് ഒരു വർഷത്തിൽ കൂടുതൽ സമയം അനുവദിക്കാനാവില്ല. ചട്ടം 468 അനുസരിച്ച് ഒരു വർഷം ശിക്ഷ വിധിക്കാവുന്ന കുറ്റത്തിന് പൊലീസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം, അതുണ്ടായില്ല എന്നാണ് വിധിന്യായം ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ കുറ്റപത്രവും ഒരു വർഷത്തിനകം സമർപ്പിച്ചിരിക്കണം. അല്ലാത്ത പക്ഷം ഒരു കോടതിക്കും പ്രതിക്കെതിരെ തുടർനടപടി സ്വീകരിക്കാൻ കഴിയില്ല. കുറ്റകൃത്യം നടന്നുവെന്ന പരാതി ലഭിച്ചാൽ ആ ദിവസംമുതൽ ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്.
കേസന്വേഷണം വൈകിയതിനും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനും പ്രോസിക്യൂഷൻ കാരണം ബോധിപ്പിച്ചിട്ടില്ല. പ്രതികൾക്കെതിരെ ഉന്നയിച്ച പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരമുള്ള കേസും നിലനിൽക്കുന്നതല്ല. അതുകൊണ്ട് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള പ്രതികളുടെ വിടുതൽ ഹരജി അംഗീകരിക്കപ്പെടുമെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. സുന്ദരയെ ഭീഷണിപ്പെടുത്തിയാണ് പത്രിക പിന്‍വലിപ്പിച്ചത് എന്നതിന് തെളിവില്ല. പണവും മൊബൈല്‍ ഫോണും കൈപ്പറ്റിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുന്ദരയുടെ മൊഴി വ്യക്തമാക്കുന്നു. ലഭിച്ച പണമുപയോഗിച്ച് സുന്ദര വീട് അറ്റകുറ്റപ്പണി നടത്തിയതും ബി.ജെ.പിയില്‍ ചേരുന്നുവെന്ന് വാര്‍ത്തസമ്മേളനം നടത്തിയതുമെല്ലാം ഇതിന് തെളിവാണെന്ന് വിധിന്യായത്തിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി.വി. രമേശന്റെ പരാതിയിൽ 2021 ജൂൺ ഏഴിനാണ് ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബി.എസ്.പി സ്ഥാനാർഥി സുന്ദരക്ക് രണ്ടര ലക്ഷംരൂപയും 8300 രൂപ വിലവരുന്ന ഫോണും പത്രിക പിൻവലിക്കാൻ കെ. സുരേന്ദ്രൻ വഴി നൽകിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.