മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ; വിടുതൽ ഹരജി കോടതി അംഗീകരിച്ചു
text_fieldsകാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ. കേസിലെ ആറ് പ്രതികളുടെയും വിടുതൽ ഹരജികൾ കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ച് വിധി പുറപ്പെടുവിച്ചത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കം ആറു പേരാണ് കേസിലെ പ്രതികൾ. കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍.
നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്. 2023 ജനുവരി 10നാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്.സി -എസ്.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2021 ജൂണ്‍ അഞ്ചിനാണ് കെ. സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മല്‍സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം രൂപയും മൊബൈല്‍ഫോണും കോഴയായി നല്‍കിയെന്നാണ് സുന്ദര പറഞ്ഞത്.
ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കൾ സുന്ദരക്ക് പണം നൽകിയെന്ന് അദ്ദേഹത്തിന്‍റെ അമ്മ മൊഴി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുന്ദര അപ്രത്യക്ഷനായതും മറ്റും വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് എന്നെന്നേക്കുമായി അയോഗ്യനാക്കുകയായിരുന്നു ലക്ഷ്യമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.