മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് സാക്ഷികൾ എല്ലാം ബി.ജെ.പിക്കാർ
text_fieldsകാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ സാക്ഷികൾ എല്ലാം ബി.ജെ.പിക്കാർ. പ്രതിയുടെ പാർട്ടിക്കാർതന്നെ സാക്ഷികളായ പെരിയ ഇരട്ടക്കൊല കേസിെൻറ ആവർത്തനമായി മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസും മാറുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്തിയവരിൽ പ്രതി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് എതിരെ കോടതിയിൽ മൊഴി നൽകാൻ സാധ്യതയുള്ളവർ വിരളമെന്ന് അന്വേഷണസംഘത്തിനും അഭിപ്രായം.
130 സാക്ഷികളാണ് ഇതുവരെയുള്ളത്. കെ. സുന്ദരയാണ് പ്രധാന സാക്ഷി. സുന്ദരക്ക് പണം കൈമാറുന്നതിന് സാക്ഷിയായവർ, പണം കൈമാറാൻ പോകുന്നത് കണ്ടവർ, സുന്ദര പണം നൽകിയവർ, നാട്ടുകാർ, ഹോട്ടൽ മാനേജർ, ജോഡ്കല്ലിലെ ബി.ജെ.പി ഓഫിസിലുണ്ടായിരുന്നവർ എന്നിങ്ങനെ നീളുന്ന പട്ടികയിലുള്ളവർ എല്ലാം ബി.ജെ.പിക്കാരാണ്. ഇതിന് പ്രധാന കാരണം സുന്ദരയെ തട്ടിക്കൊണ്ടുപോയതും പാർപ്പിച്ചതും പിന്നീട് സുന്ദര താമസിച്ചതുമെല്ലാം ബി.ജെ.പി പാളയങ്ങളിലും ശക്തികേന്ദ്രങ്ങളിലുമാണെന്നതാണെന്ന് അന്വേഷണസംഘം പറയുന്നുവെങ്കിലും ഇക്കാരണത്താൽതന്നെ കേസ് പരാജയപ്പെടാൻ സാധ്യതയേറെയാണ്. കേസ് കോടതിയിൽ എത്തിയാൽ ഇവർ ബി.ജെ.പിക്കെതിരെ മൊഴി ആവർത്തിക്കുമെന്ന് ഉറപ്പില്ല. മറ്റു സാക്ഷികൾ പത്രിക സ്വീകരിച്ച വരണാധികാരി, സുന്ദര പത്രിക പിൻവലിക്കുന്നതിന് സാക്ഷിയായവർ തുടങ്ങിയ ഉദ്യോഗസ്ഥരാണ്.
പട്ടിക ജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം കേസിൽ വകുപ്പുകൾ േചർക്കുന്നതിന് നിയമോപദേശം തേടിയെങ്കിലും അനുമതി നൽകിയിട്ടില്ല. അന്വേഷണം പൂർത്തിയായശേഷം അഭിപ്രായം അറിയിക്കാമെന്നാണ് നിയമവകുപ്പ് നൽകിയ ഉപദേശം. ഇതും കേസിനെ ദുർബലമാക്കുന്നു.
രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊല കേസിൽ പ്രതികൾ എല്ലാം സി.പി.എമ്മുകാരായിരുന്നു. ക്രൈം ബ്രാഞ്ച് ഹൈകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സാക്ഷികളും സി.പി.എമ്മുകാർ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഹൈകോടതി കുറ്റപത്രം തള്ളുകയായിരുന്നു. തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. മഞ്ചേശ്വരം കോഴ കേസിലും ഇത് സംഭവിക്കാനിടയുണ്ട് എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.