മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: കെ. സുരേന്ദ്രൻ പിന്മാറി
text_fieldsകാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽനിന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ പിന്മാറി. പി.ബി. അബ്ദുറസാഖ് 259 കള്ളവോട്ട് നേടിയാണ് വിജയിച്ചതെന്ന് ആരോപിച്ച് സുരേന്ദ്രൻ നൽകിയ ഹരജിയാണ് പിൻവലിക്കുന്നത്. കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് സുരേന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾ എത്താതിരിക്കാൻ സി.പി.എമ്മും മുസ്‌ലിം ലീഗും ഒത്തുകളിച്ചതായി കെ. സുരേന്ദ്രൻ ആരോപിച്ചു. ഇനി വിഷയം രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുറസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഇതിനിടെ അബ്ദുറസാഖ് മരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കുമെന്ന് പ്രചാരണം നടക്കുന്നതിനിടയിലാണ് ഹരജി പിൻവലിക്കുന്നത്.
പിന്മാറ്റം വിധി ബോധ്യമായതിനാൽ
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽനിന്ന് കെ. സുരേന്ദ്രൻ പിന്മാറിയത് വിധി ബോധ്യമായതിനാൽ. പി.ബി. അബ്ദുറസാഖിെൻറ നിര്യാണത്തിനുശേഷം നടന്ന വാദത്തിനിടെ കേസ് തുടരേണ്ടതുണ്ടോയെന്ന് കെ. സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. ഇതിന് രണ്ടു ദിവസത്തിനകം മറുപടി നൽകാമെന്നാണ് കെ. സുരേന്ദ്രൻ അറിയിച്ചത്. എന്നാൽ, നാലു മാസത്തിനുശേഷമാണ് സുരേന്ദ്രൻ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുന്നത്.
കാസർകോട് ലോകസഭാ സീറ്റ് സംബന്ധിച്ച് സുരേന്ദ്രന് പാർട്ടിയിൽനിന്ന് ഉറപ്പ് ലഭിക്കാത്തതിനാലാണ് കാലതാമസമുണ്ടായതെന്നാണ് സൂചന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടിെൻറ ഭൂരിപക്ഷമാണ് പി.ബി. അബ്ദുറസാഖിനുണ്ടായത്. ഇത്രയും ചെറിയ ഭൂരിപക്ഷത്തെ അതിെനക്കാൾ കൂടുതൽ കള്ളവോട്ടുകളുണ്ടെന്ന് തെളിയിച്ചാൽ മറികടക്കാമെന്ന് അവകാശപ്പെട്ടാണ് ഹരജി നൽകിയത്. 291 പേർ മഞ്ചേശ്വരത്ത് പി.ബി. അബ്ദുറസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തുവെന്നാണ് ആദ്യ ഹരജിയിൽ പറഞ്ഞത്. ഇതിൽ 32 പേർ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയിൽപെട്ടവരായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തിരുത്തി 259 എന്നാക്കി. ഇതിൽ 175 പേരെ മുസ്‌ലിം ലീഗ് കോടതിയിൽ ഹാജരാക്കി നാട്ടിലുള്ളവർ എന്ന് ബോധ്യപ്പെടുത്തി.
11 പേരുടെ മരണ സർട്ടിഫിക്കറ്റും ഹാജരാക്കി. ശേഷിച്ചത് 186 പേരാണ്. ഇതിൽ 65 പേർ വിദേശത്താണെന്ന് കോടതിയെ അറിയിച്ചു. ഇവരെ ഹാജരാക്കാൻ ഒരാൾക്ക് 47,000 രൂപ വീതം കോടതിയിൽ കെട്ടിവെക്കണമെന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. എന്നാൽ, സുരേന്ദ്രൻ അതിന് തയാറായില്ല. ബാക്കിയുള്ള 73 പേരുടെ വോട്ടുകൾ കള്ളവോട്ടാണെന്ന് തെളിഞ്ഞാലും പി.ബി. അബ്ദുറസാഖിന് വിധി അനുകൂലമായേക്കാമെന്ന തിരിച്ചറിവാണ് ഹരജിയിൽനിന്ന് പിന്മാറാൻ സുരേന്ദ്രനെ പ്രേരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.