മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കോടതി
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കോടതി. പട്ടിക ജാതി, വർഗ അക്രമ നിരോധന നിയമ പ്രകാരമുള്ള വകുപ്പ് ചേർക്കാൻ അന്വേഷണ സംഘം നിയമോപദേശത്തിനായി വിട്ടുകൊടുത്തു. അതിന് ഏറെ കാലതാമസം ഉണ്ടായി. പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ അന്വേഷിക്കേണ്ടത് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ്.എം.എസ്) ഡിവൈ.എസ്.പിയായിരിക്കെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി തന്നെ അന്വേഷണം നടത്തിയതും കുറ്റപത്രം കൃത്യസമയത്ത് നൽകാത്തതും കോടതി വിമർശിച്ചു.
കുറ്റപത്രം സമർപ്പിച്ചത് സമയപരിധി കഴിഞ്ഞ് ഒരു വർഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതിൽ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്. എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടതും തൃശൂരിൽ പൂരം കലക്കിയതുമെല്ലാം സി.പി.എം - ബി.ജെ.പി ധാരണ പ്രകാരമാണെന്ന ആരോപണം ശക്തമായിരിക്കുമ്പോഴാണ് സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കുന്നത്. കേസിൽ സി.പി.എം - ബി.ജെ.പി ഒത്തുതീർപ്പുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് നേരത്തെ രംഗത്തുവന്നിരുന്നു.
കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു എന്നതിന് തെളിവ് നൽകാനായില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പണവും മൊബൈൽ ഫോണും കൈപ്പറ്റിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുന്ദരയുടെ നടപടികളും വാക്കും വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാണിച്ചു.
കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബിജെപി നേതാക്കളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍. പകരമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരക്ക് നല്‍കി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവര്‍ വിടുതല്‍ ഹരജി നല്‍കി. ഇത് അംഗീകരിച്ചുകൊണ്ടാണ് ആറുപ്രതികളെയും കേസില്‍നിന്ന് ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.