മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹരജി: നാട്ടിലുണ്ടായിരുന്നെന്നും വോട്ട് ചെയ്തെന്നും മൊഴി
text_fieldsകൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ സമൻസ് അയച്ച വോട്ടർമാരിൽ അഞ്ചു പേരെ ഹൈകോടതി വിസ്തരിച്ചു. െചാവ്വാഴ്ച രണ്ടുപേരിൽ നിന്നും മുൻ ദിവസങ്ങളിൽ മൂന്ന് പേരിൽ നിന്നുമാണ് കോടതി മൊഴിയെടുത്തത്. അബ്ദുൽ റസാഖ് എം.എൽ.എയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ഇവരെ സമൻസ് അയച്ച് വരുത്തി വിസ്തരിക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് ഹരജി പരിഗണനയിലിരിക്കെ എം.എൽ.എയുടെ രാജിയടക്കമുള്ള കാര്യങ്ങളിലും മറ്റും മാധ്യമ ചർച്ച നടക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകിയ അഞ്ച് പേരും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതായി വ്യക്തമാക്കി. ചൊവ്വാഴ്ച ഹാജരായ റജബിന് പാസ്പോർട്ട് ഇല്ലെന്നും അസറുദ്ദീൻ എന്ന വോട്ടർക്ക് പാസ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഒരു യാത്ര പോലും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. നേരേത്ത വിസ്തരിച്ച മൂന്ന് പേരിൽ ഷക്കീർ എന്നയാളുടെ പാസ്പോർട്ട് കാലാവധി 2013ൽ അവസാനിച്ചതാണ്. മുഹമ്മദ് റഫീഖ് എന്ന വോട്ടർ മൂന്ന് കിലോ മീറ്റർ മാറിയാണ് ഇപ്പോൾ താമസമെന്നും വോട്ട് ചെയ്തതായും കോടതിയെ അറിയിച്ചു. തന്നോടൊപ്പം സമൻസ് ലഭിച്ചിട്ടുള്ള സഹോദരങ്ങളായ ഹനീഫും മറിയമത്തും അന്നേ ദിവസം നാട്ടിലുണ്ടായിരുന്നെന്നും വോട്ട് ചെയ്തുവെന്നും അവർക്ക് വേണ്ടി റഫീഖ് കോടതിയിൽ മൊഴി നൽകി. വിസ്തരിച്ച മറ്റൊരാൾ മുഹമ്മദ് ആതിഖ് വോട്ടിങ് ദിവസം വിദേശത്തായിരുന്നില്ലെന്നും വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടയിൽ ചില മാധ്യമങ്ങളിൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യുന്നതായി എതിർകക്ഷിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇത് ശരിയായ നടപടിയല്ലെന്ന് കോടതി വ്യക്തമാക്കിയത്. 26 പേരുടെ യാത്രാ വിവരം പരിശോധിച്ചപ്പോൾ 20 പേരും വോട്ടിങ് ദിനം വിദേശത്തായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു.ഇത് പരിശോധിച്ച കോടതി ഉള്ളടക്കം ശരിയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ കൂടി ലഭ്യമാക്കേണ്ടതുണ്ടെന്ന രേഖപ്പെടുത്തലോടെ ഇതുമായി ബന്ധപ്പെട്ട കക്ഷി ചേരൽ ഹരജി തീർപ്പാക്കി. വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് യാത്രാ രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേസിൽ കക്ഷി ചേരാൻ നൽകിയ ഹരജിയിലായിരുന്നു കേന്ദ്ര സർക്കാറിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.