മഞ്ചേശ്വരത്ത് വോട്ട് ചെയ്ത 20 പേർ പോളിങ് ദിവസം വിദേശത്തായിരുന്നെന്ന് കേന്ദ്ര സർക്കാർ
text_fieldsകൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ വോട്ട് ചെയ്ത 20 പേർ പോളിങ് ദിവസം വിദേശത്തായിരുന്നെന്ന് കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. 26 പേരുടെ യാത്രാരേഖകൾ പരിശോധിച്ചപ്പോഴാണ് 20 പേരും ഇൗ ദിവസം വിദേശത്തായിരുന്നെന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. ഭുയാൻ അസി. സോളിസിറ്റർ ജനറൽ മുഖേന കോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
മഞ്ചേശ്വരത്ത് പി.ബി. അബ്ദുൽ റസാഖിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർസ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ കെ. സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് കള്ളവോട്ട് നടന്നുവെന്ന് സൂചിപ്പിക്കുന്ന വിശദീകരണം കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. വിദേശത്തുള്ളവരുടെ പേരിൽ കള്ളവോട്ട് ചെയ്തെന്ന ഹരജിക്കാരെൻറ ആരോപണത്തെ തുടർന്ന് 197 വോട്ടർമാരുടെ യാത്രാരേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇൗ പട്ടികയിലെ 26 പേരുടെ യാത്രാ രേഖകളുടെ പരിശോധനയാണ് പൂർത്തിയാക്കിയത്.
വോട്ടെടുപ്പ് ദിവസമായ 2016 മേയ് 16ന് ഇവരിൽ ആറു പേരൊഴികെ എല്ലാവരും വിദേശത്തായിരുന്നുവെന്നാണ് കണ്ടെത്തിയത്. പാസ്പോർട്ട് നമ്പർ ലഭ്യമല്ലാത്തതിനാൽ നിർദേശിച്ചിട്ടുള്ള ബാക്കി വോട്ടർമാരുടെ വിവരങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് അബ്ദുൽ റസാഖ് വിജയിച്ചത്. വിദേശത്തുള്ളവരുടെയും മരിച്ചവരുടെയും പേരുകളിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാരോപിച്ചാണ് സുരേന്ദ്രൻ ഹരജി നൽകിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കള്ളവോട്ട് സംബന്ധിച്ച ആരോപണമുയർന്ന 259 വോട്ടർമാരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താൻ കോടതി സമൻസയച്ചിട്ടുണ്ട്. ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് നാലുപേർക്ക് പൊലീസ് സംരക്ഷണയോടെ സമൻസ് അയക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇൗ നാലുപേർക്കും സമൻസ് നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മെസഞ്ചർ വീണ്ടും കോടതിക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.