മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് സമാപ്തി
text_fieldsചങ്ങനാശ്ശേരി: മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ സമാപ്തി. രണ്ടുദിവസ ആഘോഷത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങൾ പങ്കുചേർന്നു. വ്യാഴാഴ്ച രാവിലെ നടന്ന മന്നം ജയന്തി സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല മന്നം. എന്നാൽ, രാഷ്ട്രീയ രംഗത്ത് തെറ്റുകൾ ഉണ്ടായാൽ അതിനെതിരെ നിലപാടുകൾ സ്വീകരിച്ചിരുന്നു. ജനങ്ങളിൽനിന്ന് ഭരണകൂടം അകന്നാൽ ജനം തിരുത്തുമെന്ന് വിമോചനസമരം വഴി അദ്ദേഹം കാണിച്ചുനൽകി. നിലവിലെ ഭരണകൂടങ്ങൾക്കും ഇത് ബാധകമാണ്. ശൂന്യതയിൽനിന്ന് സാമ്രാജ്യം കെട്ടിപ്പടുത്ത മഹാനായിരുന്നു മന്നം. ആത്മവിശ്വാസത്തിന്റെ മറുപേരാണ് മന്നം. സമുദായത്തിനും അദ്ദേഹം ആത്മവിശ്വാസം പകർന്നു നൽകി. ക്ഷേത്രപ്രവേശന വിളംബരത്തിന് ചാലക ശക്തിയായത് സവർണ ജാഥയാണ്. ഈ പോരാട്ടം നിലവിലെ നേതൃത്വവും മുന്നോട്ടുകൊണ്ടുപോകുകയാണ്. ശബരിമലയിൽ സർക്കാറും കോടതിയും അനീതി കാട്ടിയപ്പോൾ വിശ്വാസസമൂഹത്തിനായി എൻ.എസ്.എസ് പോരാടിയത് സുവർണ അധ്യായമാണെന്നും ചെന്നിത്തല പറഞ്ഞു.
എന്‍.എസ്.എസ് പ്രസിഡൻറ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയൻ പ്രസിഡന്റ് മന്ത്രി കെ.ബി. ഗണേശ് കുമാർ, ട്രഷറര്‍ എൻ.വി. അയ്യപ്പൻ പിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, കരയോഗം രജിസ്ട്രാര്‍ വി.വി. ശശിധരൻ പിള്ള എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ ഏഴുമുതൽ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കായി സമുദായ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരുടെ നീണ്ടനിരയായിരുന്നു. കാല് ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലും നിറഞ്ഞുകവിഞ്ഞു. നൂറുകണക്കിനുപേർ പുറത്തുനിന്നാണ് സമ്മേളനത്തിൽ പങ്കെടുത്തത്. തിരക്ക് നിയന്ത്രിക്കാൻ വലിയ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് സമുദായ അംഗങ്ങളുടെ വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.