മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ പ്രൗഢോജ്വല തുടക്കം
text_fieldsചങ്ങനാശ്ശേരി: 148ാമത് മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് പ്രൗഢോജ്വല തുടക്കം. മന്നം സമാധിയിൽ ബുധനാഴ്ച പുലർെച്ച മുതൽ പ്രഭാതഭേരി, പുഷ്പാർച്ചന എന്നിവയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് സമുദായ സംഘടിത ശക്തി തെളിയിച്ച് പതിനായിരക്കണക്കിന് സമുദായ പ്രതിനിധികൾ പങ്കെടുത്ത അഖില കേരള നായർ പ്രതിനിധി സമ്മേളനം നടന്നു. എൻ.എസ്.എസിന്റെ 60 താലൂക്ക് യൂനിയനിലെയും വിവിധ കരയോഗ, വനിത ബാലജന സംഘങ്ങളുടെയും ഭാരവാഹികളും പ്രതിനിധികളുമാണ് പങ്കെടുത്തത്.
പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയങ്ങൾക്ക് മധ്യത്തിലുള്ള മൈതാനിയിൽ തയാറാക്കിയ മന്നം നഗറിലാണ് സമ്മേളനം നടന്നത്. സമ്മേളനവേദിക്ക് ഇരുവശത്തുമായി സ്ഥാപിച്ച മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ചട്ടമ്പിസ്വാമിയുടെ ചിത്രത്തിന് മുന്നിൽ പ്രസിഡന്റ് ഡോ. എം. ശശികുമാറും ഭദ്രദീപം തെളിച്ചശേഷമാണ് സമ്മേളനം ആരംഭിച്ചത്.
പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വാഗതവും വിശദീകരണവും നടത്തി. കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നായർ നന്ദി പറഞ്ഞു. പത്തനാപുരം താലൂക്ക് യൂനിയൻ പ്രസിഡന്റ് കെ.ബി. ഗണേശ് കുമാറും സമ്മേളനത്തിൽ പങ്കെടുത്തു. ജയന്തിയാഘോഷം വ്യാഴാഴ്ച നടക്കും. രാവിലെ 10.30ന് വിശിഷ്ടാതിഥികളെ സ്വീകരിക്കും. തുടർന്ന് മന്നം ജയന്തി സമ്മേളനം മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.