‘ശമ്പളം അധികം ചെലവാക്കാറില്ല, പണം സ്വരൂപിച്ചത് വീടുനിർമിക്കാൻ’ -കൈക്കൂലി കേസിൽ അറസ്റ്റിലായ സുരേഷ്; 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
text_fieldsമണ്ണാര്‍ക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‍കുമാറിനെ ജൂൺ ഏഴുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. വിജിലൻസ് ഇതുവരെ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.
സംഭവത്തെ കുറിച്ച് വകുപ്പുതല പ്രാഥമികാന്വേഷണം നടത്തിയ തഹസിൽദാർ റിപ്പോർട്ട് പാലക്കാട് ജില്ല കലക്ടർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷിനെതിരെ തുടർനടപടി സ്വീകരിക്കും. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും സ്വന്തമായി വീട് വെക്കാനാണ് പണംസ്വരൂപിച്ചതെന്നും സുരേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ലാത്ത പ്രതി ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.
താമസിക്കുന്നത് 2500 രൂപ വാടകയുള്ള മുറിയിൽ
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാർ ഒന്നര പതിറ്റാണ്ടായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായാണ് ജോലി ചെയ്തിരുന്നത്. നഗരമധ്യത്തിൽ മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജി.ആര്‍. ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ 2500 രൂപ മാസവാടകയുള്ള ഒറ്റമുറിയിലാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഇയാള്‍ താമസിക്കുന്നത്. ലോഡ്ജിലെ സമീപമുറികളിൽ താമസിച്ചിരുന്നവരുമായി അടുപ്പമുണ്ടായിരുന്നില്ല.
ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമാണ് സുരേഷിന്റെ താമസമുറിയിൽനിന്ന് കണ്ടെടുത്തത്. 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകൾ മുറിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ആരോടും അടുപ്പമില്ലാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായതിനാല്‍ മുറിയിൽനിന്ന് ഒരുകോടി ആറുലക്ഷം രൂപയുടെ സമ്പാദ്യം കണ്ടെത്തിയതാണ് ഏവരേയും അമ്പരപ്പിച്ചത്. പൊടിയും മാറാലയുംപിടിച്ച് ആള്‍താമസമുണ്ടെന്ന് തന്നെ സംശയിക്കുന്ന മുറിയിലാണ് ഇത്രയും സമ്പാദ്യം സൂക്ഷിച്ചിരുന്നത്. മുറി വൃത്തിയാക്കുന്ന ശീലമുണ്ടായിരുന്നില്ല. റെയ്ഡ് വിവരമറിഞ്ഞ് കോംപ്ലക്‌സിന് താഴെയും വൻ ജനക്കൂട്ടമായിരുന്നു.
ചൊവ്വാഴ്ച നടന്ന വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് അനധികൃതമായി പിടികൂടുന്ന ഏറ്റവും വലിയ സമ്പാദ്യമായിരുന്നു. നേരത്തെ അട്ടപ്പാടി പാടവയല്‍ വില്ലേജിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. 2009 മുതല്‍ 2022 വരെ മണ്ണാര്‍ക്കാടായിരുന്നു. ഏകദേശം ഒരുവര്‍ഷത്തോളമായി പാലക്കയം വില്ലേജിലാണ് ജോലി ചെയ്തുവരുന്നത്.
ചൊവ്വാഴ്ച രാവിലെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ്‌കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസ സ്ഥലത്തുനിന്ന് അനധികൃതസമ്പാദ്യം എന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്.
മുറിയില്‍നിന്ന് 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. റെയ്ഡില്‍ ആകെ 1,06,00,000 രൂപയുടെ പണവും നിക്ഷേപവുമാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി ഷംസുദ്ദീന്‍ പറഞ്ഞു. റെയ്ഡ് രാത്രി 8.30നാണ് അവസാനിച്ചത്. അടുത്തുള്ള സ്ഥാപനങ്ങളിൽനിന്ന് പണം എണ്ണുന്ന മെഷീൻ എത്തിച്ചാണ് എണ്ണി തിട്ടപ്പെടുത്തിയത്.
തേൻ, കുടംപുളി, പടക്കം... കൈക്കൂലിയിലും വൈവിധ്യം!
ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ നിരവധി സാധനങ്ങളും സുരേഷിന്റെ മുറിയിൽനിന്ന് കണ്ടെടുത്തു. കൈയിൽകിട്ടുന്ന എന്തും ഇയാൾ കൈക്കൂലിയായി സ്വീകരിക്കുമെന്ന് വിജിലൻസ് പറയുന്നു. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കം, കെട്ടു കണക്കിന് പേന എന്നിവയാണ് പണത്തിന് പുറമെ കണ്ടെടുത്തത്. കൈക്കൂലി വാങ്ങുന്ന സ്വഭാവക്കാരനാണെന്ന് ആളുകൾക്ക് അറിയാമെങ്കിലും ഇത്രയും തുക കൈക്കൂലി വാങ്ങിയിരുന്നെന്ന് ആർക്കും അറിയില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.