ആന െചരിഞ്ഞത് ശ്വാസകോശത്തിൽ വെള്ളം കയറിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsപാലക്കാട്: തിരുവിഴാംകുന്നിൽ പഴത്തിലൊളിപ്പിച്ച് നൽകിയ സ്ഫോടകവസ്തു കടിച്ച് അവശനിലയിലായ ആന െചരിഞ്ഞത് ശ്വാസകോശത്തിൽ വെള്ളം കയറിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27നാണ് െചരിഞ്ഞത്.
ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. വായിലെ മുറിവ് കാരണം രണ്ടാഴ്ച ഭക്ഷണവും വെള്ളവും കഴിക്കാനായില്ലെന്നും മുറിവിന് രണ്ടാഴ്ച പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാരമായി പൊള്ളലേറ്റതിന് പുറമേ തുമ്പിക്കൈ ഏറെ നേരം വെള്ളത്തില്‍ താഴ്ത്തി നിന്നതിനാല്‍ ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് എബ്രഹാമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വനം-പൊലീസ് സംയുക്ത സംഘം അന്വേഷിക്കും
അലനല്ലൂർ (പാലക്കാട്): സ്ഫോടകവസ്തു കടിച്ച് ഗർഭിണിയായ കാട്ടാന െചരിഞ്ഞ സംഭവം വനംവകുപ്പ്-പൊലീസ് സംയുക്ത സംഘം അന്വേഷിക്കും. ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരൻ, ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ കെ.കെ. സുനീർ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ സംഘം രൂപവത്കരിച്ചു. വ്യാഴാഴ്ച വൈകീട്ട് പാലക്കാട് എസ്.പി ജി. ശിവവിക്രമിെൻറ നേതൃത്വത്തിൽ സംഘം തെയ്യംകുണ്ടിലെത്തി പരിശോധിച്ചു. മണ്ണാർക്കാട് പൊലീസും കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ഉന്നതതല അന്വേഷണം വേണം –ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ
കൊല്ലം: അലനല്ലൂർ തിരുവിഴാംകുന്നിൽ കാട്ടാനയെ കൊന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ വനസംരക്ഷണനിയമപ്രകാരവും ജന്തുദ്രോഹ നിവാരണ നിയമപ്രകാരവും കേസെടുക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.കെ.കെ. തോമസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.