കേരള മുഖ്യമന്ത്രി അക്രമികൾക്ക് സംരക്ഷണം നൽകുന്നു- മനോഹർ പരീക്കർ
text_fieldsകൊട്ടാരക്കര : അക്രമികൾക്ക് സംരക്ഷണം നൽകുന്നയാളായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ബി. ജെ. പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കൊട്ടാരക്കരയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമികൾക്ക് സംരക്ഷണം കൊടുക്കുന്നത് മൂലം കേരളം തെമ്മാടികളുടെ നാടായി മാറിയിരിക്കുന്നു. ഗോവയും കേരളവും തമ്മിൽ ഒരുപാട് സാമ്യമുണ്ട്. ഭക്ഷണരീതി, കാലാവസ്ഥ, സാക്ഷരത തുടങ്ങിയവയിയിലൊക്കെ സാമ്യങ്ങൾ ഏറെയാണ്.
എന്നാൽ ഗോവയിൽ ബി.ജെ.പി ഭരിക്കുന്നു, കേരളത്തിൽ അക്രമികളുടെ ഭരണം എന്ന വ്യത്യാസം മാത്രമേയുള്ളൂ. 1967മുതൽ കേരള രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന യാളാണ് താൻ. കേരളത്തെക്കുറിച്ചുള്ള മറ്റ് സംസ്ഥാനങ്ങളുടെ കാഴ്ചപ്പാട് മാറിയിരിക്കുന്നു. ഭീതിയുടെയും ഭയപ്പാടിേൻറയും അന്തരീക്ഷമാണിവിടെ. അക്രമികളുടെ കരങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും പരീക്കർ കൂട്ടിച്ചേർത്തു.
കേരള ജനത മാറ്റത്തിന് കാതോർക്കുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ബി. ജെ. പി നിയോജക മണ്ഡലം പ്രസിഡൻറ് കരീപ്ര വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് ജി. ഗോപിനാഥ്, ബി. ജെ. പി ദേശീയ വക്താവ് ഗോപൻ കൃഷ്ണ അഗർവാൾ, സംസ്ഥാന സെക്രട്ടറിമാരായ ബി. ഗോപാല കൃഷ്ണൻ, വി. മുരളീധരൻ, എം. ഡി രമേശ്, രാജീവ് പ്രസാദ്, വി. കെ സജീവൻ, അമ്പലക്കര രമേശ്, ബാദുഷ തങ്ങൾ, വയ്ക്കൽ സോമൻ, മാലയിൽ അനിൽ എന്നിവർ സംസാരിച്ചു. ഡോ. എൻ. എൻ മുരളിയെ കുമ്മനം രാജശേഖരൻ ഷാളണിയിച്ച് ബി. ജെ. പി യിലേക്ക് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.