മനോഹരെൻറ മരണം:വിശ്വസിക്കാനാകാതെ നാട്ടുകാർ, ദുരൂഹതയായി ഫോണിലെ മറുപടി
text_fieldsകയ്പമംഗലം/ഗുരുവായൂര്‍: കയ്പമംഗലം വഴിയമ്പലത്തെ പെട്രോൾ പമ്പുടമ കോഴിപ്പറമ്പിൽ മനോഹരെൻറ മരണം വിശ്വസിക്കാനാവാതെ നാട്ടുകാർ. ചൊവ്വാഴ്ച രാവിലെ ഇദ്ദേഹത്തെ കാണാനില്ലെന്ന അഭ്യൂഹം നാട്ടിൽ പ്രചരിച്ചിരുന്നു. ഇതിനിടെ മമ്മിയൂരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടതായി സമൂഹമാധ്യമങ്ങളിൽ വന്നെങ്കിലും മനോഹരനാണെന്ന വിദൂര ചിന്ത പോലും നാട്ടുകാർക്കും ബന്ധുക്കൾക്കും ഉണ്ടായില്ല. കാരണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിൽ അർധരാത്രി കഴിയും വരെ ഇദ്ദേഹം ഉണ്ടാകാറുണ്ട്. എന്നാൽ, മരിച്ചത് മനോഹരൻ തന്നെ എന്ന് ഉറപ്പിച്ചതോടെ നാട്ടുകാർ ഞെട്ടി.
ചൊവ്വാഴ്ച പുലർച്ചെ 12.50ന് പമ്പിൽ നിന്നിറങ്ങിയ മനോഹരൻ KL 47 D 8181 നമ്പറിലുള്ള കാറിലാണ് വീട്ടിലേക്ക് മടങ്ങിയത്. പമ്പിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരമേ കാളമുറി അകമ്പാടത്തെ വീട്ടിലേക്കുള്ളൂ.
പതിവ് സമയം കഴിഞ്ഞിട്ടും അച്ഛനെ കാണാതായപ്പോൾ മകൾ ലക്ഷ്മി ഫോണിലേക്ക് വിളിച്ചിരുന്നു. അപ്പോൾ അച്ഛൻ ഉറങ്ങുകയാണ് എന്നാണ് മറുപടി കിട്ടിയത് എന്ന് ലക്ഷ്മി പറഞ്ഞു. അതാരാണെന്നതാണ് അറിയേണ്ടത്. പനമ്പിക്കുന്നിൽനിന്ന് പടിഞ്ഞാറോട്ടുള്ള റോഡിലൂടെയാണ് മനോഹരൻ വീട്ടിലേക്ക് പോകാറുള്ളത്. ഈ റോഡ് വിജനമാണ്. ഇടക്കുവെച്ച് കാർ തടഞ്ഞ് മനോഹരനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. അക്കൂട്ടത്തിലാരെങ്കിലുമാകാം ലക്ഷ്മിയോട് സംസാരിച്ചത്. 40 വർഷത്തോളം പ്രവാസിയായിരുന്ന മനോഹരൻ പത്ത് വർഷം മുമ്പാണ് നാട്ടിൽ സ്ഥിരതാമസമായത്.
പമ്പിൽ നിന്ന് കിട്ടിയ കലക്ഷൻ തട്ടാനുള്ള ശ്രമത്തിെൻറ ഭാഗമാകാം തട്ടിക്കൊണ്ടുപോകൽ. പമ്പിലെ കലക്ഷൻ ഓഫിസിൽ സൂക്ഷിക്കാറാണ് പതിവ് എന്ന് വീട്ടുകാർ പറഞ്ഞു. കയ്പമംഗലം പൊലീസ് വഴിയരികിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
പമ്പിലെ ജീവനക്കാരുടെയും മറ്റും വിശദാംശങ്ങൾ എടുത്തിട്ടുണ്ട്. കാർ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നു. കമീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര, എ.സി.പി ബിജു ഭാസ്കര്‍, സി.ഐമാരായ സി. പ്രേമാനന്ദകൃഷ്ണന്, കെ.സി. സേതു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്തെത്തിയ പൊലീസ് നായ ഡോണ മണം പിടിച്ച് മമ്മിയൂര്‍ ജങ്ഷന് വരെ ഓടിയ ശേഷം നിന്നു. സയൻറിഫിക് അസിസ്റ്റൻറ് പി.പി. സൗഫിനയുടെ നേതൃത്വത്തില്‍ മൃതദേഹം കിടന്ന ഭാഗം പരിശോധിച്ചു. വിരലടയാള വിദഗ്ധന്‍ കെ.പി. ബാലകൃഷ്ണനും തെളിവ് ശേഖരിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, എസ്.ഐ മാരായ ജയേഷ് ബാലൻ, അനൂപ്, ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.