യോഗ സെന്‍ററിലെ പീഡനം; ഗുരുജി മനോജ് അടക്കം നാലുപേർക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: മിശ്രവിവാഹം ചെയ്ത യുവതികളെ തടവിലാക്കി പീഡിപ്പിച്ച കേസില്‍ ഒളിവിൽ കഴിയുന്ന ഗുരുജി മനോജ് അടക്കം നാലുപേർക്ക് മുൻകൂർ ജാമ്യം. പ്രതികൾക്കെതിരെ ഉയർത്തിയിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥയിൽ സംശയമുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമുള്ള കേസായി ഇത് തോന്നുന്നില്ലെന്നും നിരീക്ഷിച്ചാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ.ബിജുമേനോൻ മുൻകൂർ ജാമ്യം അനുവദിച്ചത്.
കോടതി ഉത്തരവോടെ ഉദയംപേരൂര്‍ കണ്ടനാട്ടെ യോഗ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിെൻറ നടത്തിപ്പുകാരനായ ചേർത്തല പെരുമ്പളം കണ്ണേത്ത് കെ.ആർ. മനോജ് എന്ന ഗുരുജി (46), പെരുമ്പളം തൊമ്മേൻറഴത്ത് പി.എം. സുജിത്ത് (33), കർണാടക സ്വദേശിനി സ്മിത ഭട്ട് (23), കണ്ണൂർ കള്ളിയാട് രാമപുരം ലക്ഷ്മി (23) എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കേസിൽ അറസ്റ്റിലായി കസ്റ്റഡിയിലുള്ള പ്രതി ശ്രീജേഷിനും കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാൾ ഹാജരാവണം തുടങ്ങിയ ഉപാധികളാണ് ജാമ്യം അനുവദിച്ച് നിഷ്കർഷിച്ചിരിക്കുന്നത്.
തൃശൂര്‍ പുന്നംപറമ്പ് സ്വദേശി റിന്‍േറായുടെ ഭാര്യ ഡോ.ശ്വേത ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദയംപേരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച തന്നെ അന്യായമായി തടഞ്ഞുവെക്കുകയും വായ പൊത്തിപ്പിടിച്ച് ശരീരമാസകലം ഉപദ്രവമേൽപിച്ചതായും പഴയ വിശ്വാസത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചതായുമാണ് പരാതിയിലുണ്ടായിരുന്നത്. തെൻറ ഭാഗം കേൾക്കാതെ മുൻകൂർ ജാമ്യ ഹരജി തീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ് വാദം കേട്ട ഇൗമാസം 11ന് പരാതിക്കാരിക്കായി ആരും ഹാജരായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജൂലൈ 31ന് അമ്മക്കും മറ്റ് ബന്ധുക്കൾക്കുമൊപ്പമാണ് യുവതി യോഗ സെൻററിലെത്തിയതെന്നാണ് ഹരജിക്കാർ പറയുന്നത്. അമ്മക്കൊപ്പം യുവതിയെ അവിടെ താമസിപ്പിച്ചശേഷം മറ്റ് ബന്ധുക്കൾ മടങ്ങുകയായിരുന്നു. യുവതിയെ കേന്ദ്രത്തിൽ താമസിപ്പിച്ചപ്പോൾ അമ്മയും ഒപ്പം ഉണ്ടായിരുന്നു. അമ്മക്കൊപ്പം വന്ന യുവതി ആഗസ്റ്റ് 21നാണ് സെൻററിൽനിന്ന് പോയത്. പിന്നീട് ഒരു മാസത്തോളം പരാതി ഒന്നുമില്ലായിരുന്നു. തുടർന്ന് സെപ്റ്റംബർ 23നാണ് പരാതിയുമായി എത്തിയത്. താൻ മകൾക്കൊപ്പം ഉണ്ടായിരുന്നതായും സെൻററിലെ ആരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അമ്മ നൽകിയ സത്യവാങ്മൂലം ഹരജിക്കാർ ഹാജരാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ യുവതി ചൂണ്ടിക്കാട്ടിയ ആരോപണങ്ങളുടെ സത്യാവസ്ഥയിൽ സംശയമുണ്ടെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.