കലക്ക് മതമില്ലാത്ത കാലത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല -മൻസിയ
text_fieldsഇരിങ്ങാലക്കുട: മതത്തിന്‍റെ പേരിൽ നൃത്താവതരണത്തിന് അനുമതി നിഷേധിക്കപ്പെട്ട കലാകാരിക്ക് സംഗമേശന്‍റെ മണ്ണിൽ തന്നെ വേദിയൊരുക്കി ഡി.വൈ.എഫ്.ഐ. കൂടൽമാണിക്യം ക്ഷേത്രോത്സവ പരിപാടികളിൽ ഇടംപിടിക്കുകയും പിന്നീട് മതത്തിന്‍റെ പേരിൽ ഒഴിവാക്കപ്പെടുകയും ചെയ്ത മൻസിയക്കുവേണ്ടി 'പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ, കലക്ക് മതമില്ല' പേരിലാണ് ഇരിങ്ങാലക്കുട ടൗൺ ഹാൾ മുറ്റത്ത് വേദിയൊരുക്കിയത്.
കലക്ക് മതമില്ലാത്ത കാലത്തിന് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് തന്‍റെ വിശ്വാസമെന്നും കലാകാരന്മാർക്ക് വേണ്ടി ജനാധിപത്യ- മതേതര വേദികൾ കൂടുതൽ ഉയരട്ടെയെന്നും കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് ടൗൺ ഹാൾ മുറ്റത്ത് എത്തിയ സദസ്സിനെ സാക്ഷിയാക്കി മൻസിയ പറഞ്ഞു. സാംസ്കാരിക സദസ്സ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ആചാരങ്ങൾ സംരക്ഷിക്കാൻ കൂടൽമാണിക്യം ദേവസ്വം അധികാരികൾക്ക് ബാധ്യതയുണ്ടെന്നും എന്നാൽ, മാറ്റവും മുന്നേറ്റവും ആശയപ്രചാരണത്തിലൂടെ സാധ്യമാക്കണമെന്നും അവർ പറഞ്ഞു. എല്ലാ കലാകാരന്മാർക്കും അവതരണങ്ങൾക്കായി ക്ഷേത്രഭൂമിയോട് ചേർന്നുതന്നെ മതനിരപേക്ഷമായ ഒരിടം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് അധ്യക്ഷത വഹിച്ചു. കവി ഗോപീകൃഷ്ണൻ, എഴുത്തുകാരി രേണു രാമനാഥൻ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്സം തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മൻസിയയെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.