രതീഷിെൻറ ദുരൂഹ മരണം: സി.പി.എം പ്രതിരോധത്തിൽ; സംസ്കാരച്ചടങ്ങിൽ നേതൃനിര
text_fieldsകണ്ണൂർ: പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിനു പുറമെ കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. രതീഷിെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തുടക്കത്തിൽ തന്നെ യു.ഡി.എഫ് നേതാക്കൾ ആരോപിച്ചിരുന്നു. പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്ന് പറഞ്ഞ് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉൾപ്പെടെയുള്ളവർ രംത്തെത്തിയതോടെ സി.പി.എം കൂടുതൽ കടുത്ത സമ്മർദത്തിലായി.
അതേസമയം, യു.ഡി.എഫിന് വഴങ്ങി പൊലീസ് പ്രതി ചേർത്തതിൽ മനംെനാന്താണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ മുറിവേറ്റതും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതും പുറത്ത് വന്നതോടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. മരിക്കുംമുമ്പ് ശ്വാസംമുട്ടിച്ചതിെൻറ സാധ്യതയും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. കോഴിക്കോട് ജില്ലയിലെ സി.പി.എം ശക്തി കേന്ദ്രമായ വളയം ചെക്യാട് അരൂണ്ടയിലാണ് 36കാരനായ രതീഷിെന തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൻസൂറിനെ കൊലപ്പെടുത്തിയതിന്‍റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന പാർട്ടി, പ്രതിയുടെ ദുരൂഹമരണം കൂടിയായതോടെ വൻ പ്രതിസന്ധിയിലാണുള്ളത്.
നേരത്തെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ, എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളും സമാന രീതിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ഈ മരണങ്ങളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
അതിനിടെ രതീഷിെൻറ മൃതദേഹം കേന്ദ്ര കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും അടക്കമുള്ള പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ശനിയാഴ്ച രാത്രി പുല്ലുക്കര ഓച്ചിറക്കൽ പീടികയ്ക്കു സമീപമുള്ള കൂലോത്ത് വീട്ടുവളപ്പിൽ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം രാത്രി എട്ടരയോടെയയാണ് സംസ്കരിച്ചത്. സി.പി.എം കേന്ദ്ര കമ്മിററിയംഗം മന്ത്രി ഇ.പി ജയരാജൻ, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ വത്സൻ പനോളി, പി. ഹരീന്ദ്രൻ, ജില്ല കമ്മിറ്റിയംഗങ്ങളായ കെ.കെ. പവിത്രൻ, കെ. ധനഞ്ജയൻ, കെ. ലീല, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, എ. പ്രദീപൻ, പി.കെ. പ്രവീൺ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
രതീഷിെൻറ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നതോടെ വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. മൃതദേഹം കാണപ്പെട്ട വളയം ചെക്യാട് അരൂണ്ടയില്‍ പൊലീസ് വിദഗ്ധപരിശോധന നടത്തി. വടകര റൂറൽ എസ്.പി ഡോ. ശ്രീനിവാസ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എന്നിവർ സ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴിയെടുത്തു. വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.