മൻസൂർ വധം: അന്വേഷണ സംഘത്തെ മാറ്റി, ഐ.ജി സ്പർജൻകുമാറിന് താൽക്കാലിക ചുമതല
text_fieldsകണ്ണൂർ: കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ അന്വേഷണത്തിന് നേതൃത്വം നൽകും. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐ.ജി ജി. സ്പർജൻകുമാർ അന്വേഷണം ഏകോപിപ്പിക്കും. കണ്ണൂർക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമനാണ് അന്വേഷണ ചുമതല.
ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇന്നലെ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതാവശ്യപ്പെട്ടിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മാഈലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സി.പി.എം നേതാക്കളുമായി അടുപ്പമുള്ളയാളാണ് ഇസ്മാഈലെന്നും കേസ് അട്ടിമറിക്കാനാണ് അയാളെ തന്നെ കേസ് ഏല്‍പ്പിച്ചതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അതുകൊണ്ടാണ് കേസ് ഐ.പി.എസ് റാങ്കിലുള്ള ഉദ്യോസ്ഥനെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
അതേസമയം, മൻസൂറിനെ വധിച്ച കേസിലെ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. മൻസൂറിന്‍റെ സഹോദരൻ മുഹ്സിന്‍റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി.
കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍വെച്ച് ഇന്ന് ഉച്ചയോടെയാണ് രണ്ടുപോരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ രണ്ടു പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ശ്രീരാഗാണ് തന്നെ വാള്‍ ഉപയോഗിച്ച് വെട്ടിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്‌സിന്‍ പൊലീസിന് മൊഴി കൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.