മൻസൂർ വധം: സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ; അക്രമസംഭവങ്ങളിൽ 10 ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ
text_fieldsകണ്ണൂർ: പാനൂർ പുല്ലൂക്കരയിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള സി.പി.എം പ്രവർത്തകന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട മൻസൂറിെന്റ അയൽവാസിയും സി.പി.എം പ്രവർത്തകനുമായ ഷിനോസാണ് അറസ്റ്റിലായത്.
അക്രമിസംഘം മൻസൂറിന്‍റെ സഹോദരൻ മുഹ്സിനെയാണ് ലക്ഷ്യമിട്ടതെന്ന് ഷിനോസ് പൊലീസിന് മൊഴി നൽകിയിരുന്നു. പ്രദേശത്ത് ഒാപൺ വോട്ടുമായി ബന്ധപ്പെട്ട പ്രശ്നം ഉടലെടുത്തിരുന്നു. ഇതിന് പ്രതികാരമായി ബൂത്ത് ഏജന്‍റ് കൂടിയായ മുഹ്സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ് സി.പി.എം പ്രവർത്തകർ അന്ന് രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്. മുഹ്സിനെ ഭീഷണിപ്പെടുത്തുന്നത് കണ്ട് അനുജൻ മൻസൂർ ഓടിയെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും അക്രമികൾ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. ബോംബേറിൽ മൻസൂറിന്‍റെ കാൽമുട്ടിന് താഴെ ചിന്നിച്ചിതറി. ഇതിൽനിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്.
അതിനിടെ, വിലാപയാത്രയോട് അനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 10 ലീഗ് പ്രവർത്തകരെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. മൻസൂറിെൻറ ഖബറടക്കത്തിന് ശേഷം ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു അക്രമം. ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മുസ്ലിം ലീഗ് പ്രവർത്തകർ പെരിങ്ങത്തൂർ ടൗണിലുള്ള സി.പി.എം ഓഫിസുകൾ കത്തിക്കുകയും അനുഭാവികളുടെ കടകൾ തകർക്കുകയുമായിരുന്നു.
പിന്നാലെ ഗുരുജി മുക്ക്, കീഴ്മാടം, കൊച്ചിയങ്ങാടി സി.പി.എം ബ്രാഞ്ച് ഓഫിസുകൾക്ക് നേരെയും മുക്കിൽപീടിക ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെയും അക്രമം അരങ്ങേറി. സംഭവത്തെത്തുടർന്ന് പെരിങ്ങത്തൂരും പരിസര പ്രദേശങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റിലാണ് യോഗം. അതിനിടെ, കഴിഞ്ഞദിവസം തീയിട്ട് നശിപ്പിച്ച സി.പി.എം ഓഫിസുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, പി. ജയരാജന്‍ തുടങ്ങിയ നേതാക്കളാണ് വ്യാഴാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.