മൻസൂർ വധം: ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ കീഴിൽ അന്വേഷിക്കണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: മൻസൂർ വധക്കേസിലെ നിലവിലെ പ്രതിപട്ടിക സി.പി.എം ബന്ധത്തിന് തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥർ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മാഈൽ സി.പി.എം നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ കീഴിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുസ് ലിം ലീഗ് നൽകിയതാണ് പ്രതിപ്പട്ടികയെന്ന സി.പി.എം ആരോപണം ചെന്നിത്തല തള്ളിക്കളഞ്ഞു. ലീഗ് പറയുന്ന അനുസരിച്ചാണോ പൊലീസ് പെരുമാറുന്നതെന്ന് ചെന്നിത്തല ചോദിച്ചു. അന്വേഷണം നടത്തി യഥാർഥ പ്രതികളെ കണ്ടെത്തുകയാണ് പൊലീസിന്‍റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊലപാതകവുമായി സി.പി.എമ്മിനുള്ള ബന്ധം ഒാരോ നിമിഷം കഴിയുമ്പോഴും തെളിയുകയാണ്. ആസൂത്രിത ഗൂഢാലോചന വഴിയുള്ള കൊലപാതകമാണെന്നും കൂടുതൽ പ്രതികളെ കണ്ടെത്തേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മൻസൂറിനെ വലിച്ചിഴച്ച് വെട്ടുകയായിരുന്നു. മൻസൂറിന്‍റെ മാതാവിനും സഹോദരൻ മുഹ്സിനും (27) അയൽപക്കത്തുള്ള സ്ത്രീക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കേസിൽ പ്രതിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിനെ മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കേസിലെ രണ്ടാം പ്രതിയും മൻസൂറിന്‍റെ അയൽവാസിയുമായ രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.