മൻസൂറ ബാനു ഇനി അജ്ഞാതയല്ല...
text_fieldsകോഴിക്കോട്: മൻസൂറ ബാനു അജ്ഞാതയായിരുന്നു ഇതുവരെ. നിലതെറ്റിയ മനസ്സുകളുടെ കൂടാരത്തിൽ ഊരും പേരുമില്ലാത്ത വെറുമൊരു അന്തേവാസി. ഇപ്പോൾ അവൾക്ക് എല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. സ്വന്തം പേരും ഊരും ഉറ്റബന്ധുക്കളെയും.
അഞ്ചു വർഷക്കാലം തന്നെ പരിചരിച്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് നിറഞ്ഞ മനസ്സോടെ നന്ദി പറഞ്ഞ് അവൾ പിറന്ന മണ്ണിന്റെ സാന്ത്വനത്തിലേക്കു മടങ്ങി.
2018 ജനുവരി 24നായിരുന്നു കോഴിക്കോട് നഗരത്തിൽ മനസ്സിന്റെ താളംതെറ്റി അലഞ്ഞുതിരിഞ്ഞ 35കാരിയെ പൊലീസ് മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. നാടേതെന്നോ പേരെന്തെന്നോ പോലുമറിയാത്ത അവസ്ഥ. അങ്ങനെ ‘അജ്ഞാത രോഗി’ എന്ന പട്ടികയിൽ ഇടംപിടിച്ചു മൻസൂറ. അങ്ങനെ അഞ്ചു വർഷം നീണ്ട ചികിത്സ അവരെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതിനിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ എം. ശിവൻ മൻസൂറയുടെ ബന്ധുക്കളെക്കുറിച്ച് അന്വേഷണം നടത്തി. ചികിത്സയുടെ ഫലമായി പേരും ഊരുമൊക്കെ ഓർത്തെടുത്ത മൻസൂറ ബാനു തന്റെ നാട് ചെന്നൈക്കടുത്ത് താമ്പരം ജില്ലയിലെ രംഗനാഥപുരം വില്ലേജിലെ കുറുക്കുത്തെരു ആണെന്ന് അറിയിച്ചു. തുടർന്ന് ശിവൻ താമ്പരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസാണ് മൻസൂറയുടെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചത്.
മാനസിക വെല്ലുവിളി ഉണ്ടായിരുന്ന മൻസൂറ ഇതിനുമുമ്പ് രണ്ടുമൂന്നു തവണ വീടുവിട്ടുപോയെങ്കിലും സമീപപ്രദേശങ്ങളിൽനിന്നുതന്നെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു.
എന്നാൽ, കഴിഞ്ഞ അഞ്ചു വർഷമായി മൻസൂറയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിവരമറിഞ്ഞ് കോഴിക്കോട്ടെത്തിയ മൻസൂറയുടെ സഹോദരൻ സമദും സഹോദരിയും മകൾ ഫാത്തിമയും ചേർന്ന് മൻസൂറയെ തിരികെ നാട്ടിലേക്കു കൊണ്ടുപോയി.
ഇത്രകാലം പരിചരിച്ച ആശുപത്രി അധികൃതർക്കും ശിവനുമൊക്കെ അവർ നന്ദി പറഞ്ഞു. വാടക വീട്ടിലാണ് മൻസൂറയുടെ കുടുംബം ഇപ്പോഴും കഴിയുന്നത്. നാട്ടിൽ മടങ്ങിയെത്തിയാൽ മൻസൂറയെ വാടകവീട്ടിൽ താമസിപ്പിക്കുക ബുദ്ധിമുട്ടാകും. ഇതിന് പരിഹാരമായി തുടർചികിത്സയും പുനരധിവാസവും ഉറപ്പാക്കാൻ വേണ്ട നടപടികൾ താമ്പരം പൊലീസ് മുഖേന ഏർപ്പാടാക്കിയിട്ടുണ്ടെന്നും ശിവൻ പറഞ്ഞു.
മടക്കയാത്രക്ക് മൻസൂറയുടെ കുടുംബത്തിന് പണം നൽകിയെങ്കിലും അത് മൻസൂറയെപ്പോലുള്ള അഗതികളുടെ ആവശ്യത്തിന് വിനിയോഗിക്കാൻ പറഞ്ഞാണ് അവർ ഇന്നലെ ഉച്ചയോടെ നാട്ടിലേക്കു മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.