വധശ്രമത്തിനിരയായി വെടിയുണ്ടയുമായി ഒമ്പതു വർഷം; കോടതി കേസ് ഇതുവരെ പരിഗണിച്ചില്ല
text_fieldsഅടൂര്‍: വധശ്രമത്തിനിരയായി തലയിൽ തറച്ച എയർഗൺ പെല്ലറ്റുമായി ഒമ്പതുവർഷമായി ജീവിക്കുന്ന യുവാവിന് നീതി ഇനിയും അകലെ. അടൂര്‍ പറക്കോട് സ്വദേശിയും ജൈവകര്‍ഷകനുമായ മനു തയ്യിലാണ് (35) ഒമ്പതുവര്‍ഷമായി ജീവിതത്തോട് പൊരുതുന്നത്.
വധശ്രമക്കേസില്‍ പ്രതികളെ പിടികൂടിയെങ്കിലും കോടതി ഇതുവരെ കേസ് വാദത്തിന് വിളിച്ചിട്ടില്ല. 2012 ഒക്ടോബര്‍ 14നാണ് പറക്കോട് തുളസിഭവനത്തില്‍ മനു ആക്രമണത്തിനിരയായത്. വീടിനുനേരെ നടന്ന ആക്രമണത്തില്‍ എയര്‍ഗണ്ണില്‍നിന്നുള്ള പെല്ലറ്റ് ഇടതുകണ്ണിന് താഴ്ഭാഗത്തുകൂടി തലക്കുള്ളില്‍ തറക്കുകയായിരുന്നു.
പെല്ലറ്റ് നീക്കുന്നത് ദുഷ്കരമാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. താടിയെല്ല് ഇളക്കിമാറ്റിയാണ് ശസ്ത്രക്രിയ നടത്തേണ്ടത്. കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. പരാതി അന്ന് അടൂര്‍ പൊലീസില്‍ നല്‍കിയെങ്കിലും നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം കേസെടുത്തത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് വധശ്രമത്തിന് കേസെടുത്തു.
ആദ്യഘട്ടത്തില്‍ രണ്ട് പ്രതികള്‍ കുറച്ചുദിവസം ജയിലിലായി. കേസിെൻറ നാള്‍വഴിയില്‍ ഇതുവരെ പൊലീസിെൻറ ഭാഗത്തുനിന്നോ കോടതിയില്‍നിന്നോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മനു 'മാധ്യമ'ത്തോട് പറഞ്ഞു.
പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ സമര കേസുകളും കോടതി വിളിക്കുമ്പോള്‍ കൃത്യമായി താന്‍ ഹാജരാകാന്‍ ശ്രമിക്കാറുണ്ടെന്നും ഗുരുതരമായ ഈ കേസില്‍ തുടര്‍നടപടി ഉണ്ടാകാത്തത് അങ്ങേയറ്റം ഖേദകരമാണെന്നും മനു പറഞ്ഞു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മനു വധശ്രമക്കേസിലെ ഒന്നാം പ്രതി കഴിഞ്ഞ വര്‍ഷം മരിച്ചു. രണ്ടാം പ്രതി നാട്ടില്‍ തന്നെയുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മനു ചികിത്സ തുടരുന്നത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധനക്കുശേഷം പെല്ലറ്റ് നീക്കാനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഏറ്റവും ഒടുവില്‍ നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.