ടി.പി. വധവും ശുഹൈബ് വധവും വിപ്ലവമല്ല, വൈകൃതം; കൊല്ലാനാകും...പക്ഷേ നാളെയുടെ നാവുകൾ നിശ്ശബ്ദമായിരിക്കില്ല -പി. ജയരാജനെതിരെ വീണ്ടും മനുതോമസ്
text_fieldsസി.പി.എം നേതാവ് പി. ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് പുറത്തായ മനു തോമസ്. ഫേസ്ബുക്ക് കുറിപ്പിലാണ് മനു ജയരാജനെതിരെ രംഗത്തുവന്നത്. പി. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്‍-സ്വര്‍ണം പൊട്ടിക്കല്‍ മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധവും ശുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഭീഷണിപ്പെടുത്താന്‍ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മറുപടി പറയേണ്ട ബാധ്യത സി.പി.എം നേതൃത്വത്തിനാണ്. കൊലവിളി നടത്തിയ സംഘത്തലവന്മാരോട്, നിങ്ങള്‍ പറയുന്ന ഈ പ്രതിരോധം ആര്‍ക്ക് വേണ്ടിയാണെന്നും എന്തിനാണെന്നും കൃത്യമായ ബോധ്യമുണ്ടെന്നും മനു തോമസ് പറയുന്നുണ്ട്. 'കൂടുതല്‍ പറയിപ്പിക്കരുത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ഒറ്റയ്ക്കായാലും സംഘടനയില്‍ നിന്നുകൊണ്ടായാലും. ആരാന്റെ കണ്ണീരും സ്വപ്‌നവും തകര്‍ത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷന്‍ മാഫിയ സ്വര്‍ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈന്‍ കമ്മ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും, പക്ഷേ നാളെയുടെ നാവുകള്‍ നിശ്ശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല. -എന്നും പോസ്റ്റില്‍ മനു തോമസ് പറയുന്നു.
മനുവിനെ വെല്ലുവിളിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയും രംഗത്തുവന്നിരുന്നു. മനു തോമസിന് അഭിവാദ്യം നേർന്ന പഴയ പോസ്റ്റിലായിരുന്നു തില്ലങ്കേരിയുടെ ഭീഷണി. എന്തും പറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ സംഘടനക്ക് അധിക സമയം വേണ്ടെന്ന് ഓര്‍ത്താല്‍ നല്ലതെന്നായിരുന്നു മുന്നറിയിപ്പ്. ബിസിനസ് പരിപോഷിപ്പിക്കാന്‍ രാഷ്ട്രീയത്തിലേക്ക് വന്നയാളെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. റെഡ് ആര്‍മിയെന്ന ഫേസ്ബുക്ക്പേജും മനു തോമസിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളെയും ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിക്കാന്‍ നില്‍ക്കരുതെന്നായിരുന്നു റെഡ് ആര്‍മിയുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.