മനു തോമസിനെതിരെ നിയമനടപടിയുമായി പി. ജയരാജന്റെ മകൻ
text_fieldsകണ്ണൂര്‍: സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡന്റുമായ മനു തോമസിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് പി. ജയരാജന്റെ മകന്‍ ജെയിൻ പി. രാജ്. ക്വട്ടേഷന്‍ സംഘവുമായി ജെയിനിന് ബന്ധമുണ്ടെന്ന അപകീർത്തിപ്പെടുത്തുന്ന ആരോപണത്തിനെതിരെയാണ് നടപടി. മനു തോമസിനും വാർത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസിനും എതിരെയാണ് അഡ്വ. കെ. വിശ്വൻ മുഖേന വക്കീൽ നോട്ടീസ് അയച്ചത്. അപകീർത്തികരമായ പരാമർശത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ജെയിൻ പി. രാജിനെ തേജോവധം ചെയ്യുന്നതിന് കുറ്റകരമായി ഗൂഢാലോചന നടത്തി ശ്രദ്ധ പിടിച്ചുപറ്റാനാണ് മാധ്യമങ്ങളിൽ പ്രതികരണം നടത്തിയതെന്നും നോട്ടീസിൽ പറയുന്നു. ക്വട്ടേഷൻ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ജെയിനാണെന്നുമായിരുന്നു മനുവിന്റെ ആരോപണം. റെഡ് ആർമി ഫേസ്ബുക്ക് പേജിന് പിന്നിലും ജെയിനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചാനലിൽ പ്രതികരിക്കുന്നതിനിടെയായിരുന്നു മനു, ജെയിനിനെതിരെ ആരോപണം ഉന്നയിച്ചത്.
താന്‍ വിദേശത്ത് മാന്യമായി ജോലി ചെയ്ത് ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബത്തോടൊപ്പം ജീവിക്കുകയാണ്. തന്നെ തേജോവധം ചെയ്യാൻ എതിർകക്ഷികൾ ചാനലിലൂടെ നടത്തിയ നിരുത്തരവാദപരവും ദുരുദ്ദേശ്യപരവുമായ ആക്ഷേപങ്ങൾ മാനഹാനിയുണ്ടാക്കി. ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിന്റെ കോഓഡിനേറ്ററായും ഇതുമായി ബന്ധമുള്ള ആളായും ചിത്രീകരിച്ചു. സി.പി.എം നേതാവായ തന്റെ പിതാവ് പി. ജയരാജനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ തികഞ്ഞ ദുഷ്ടലാക്കോടെ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നും നോട്ടീസിൽ പറയുന്നു. പ്രസ്താവനകൾ പിൻവലിച്ച് നിർവ്യാജം ഖേദപ്രകടനം നടത്താനും അത് ചാനലിൽ പരസ്യപ്പെടുത്താനും ജയിൻ പി. രാജ് നോട്ടീസിൽ ആവശ്യപ്പെട്ടു.
സി.പി.എമ്മുമായി അകന്ന് മനു തോമസ് പാർട്ടി വിട്ടതോടെയാണ് പി. ജയരാജനുമായി സമൂഹ മാധ്യമത്തിൽ കൊമ്പുകോർത്തത്. ജയരാജനും മകൻ ജെയിനുമെതിരെ മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി ജെയിനും സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നതിന് പിന്നാലെയാണ് നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.