മനു തോമസ് പാർട്ടി വിട്ടത്: ജില്ല കമ്മിറ്റി തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകിയതാര്?, അന്വേഷിക്കാന്‍ സി.പി.എം. കമീഷനെ നിയോഗിച്ചു
text_fieldsകണ്ണൂര്‍: മനു തോമസ് പാര്‍ട്ടിവിട്ടത് സംബന്ധിച്ച വിഷയം മാധ്യമങ്ങൾക്ക് മുൻപിലെത്തിച്ചതാരെന്ന് അന്വേഷിച്ച് കണ്ടെത്താൻ സി.പി.എം തീരുമാനം. കണ്ണൂർ ജില്ലയിലെ വിഷയം സംസ്ഥാനത്താകെ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയ സാഹചര്യത്തിലാണ് ജില്ല കമ്മിറ്റി തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത് അന്വേഷിക്കാന്‍ സി.പി.എം. കമീഷനെ നിയോഗിച്ചിരിക്കുന്നത്. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. പ്രകാശന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് കമീഷൻ അംഗങ്ങള്‍. അംഗത്വം പുതുക്കാതിരുന്ന മനുവിനെ ജില്ലാക്കമ്മിറ്റിയില്‍നിന്ന് നീക്കി പകരം ആലക്കോട് ഏരിയാസെക്രട്ടറി സാജന്‍ ജോസഫിനെ ഉള്‍പ്പെടുത്താന്‍ ജില്ലാക്കമ്മിറ്റി തീരുമാനിച്ചിരുന്നു.
വഴിവിട്ട വ്യാപാരബന്ധങ്ങളെത്തുടര്‍ന്ന് മനുവിനെ പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയെന്ന തരത്തില്‍ ഒരു മാധ്യമത്തിന് വാര്‍ത്ത നല്‍കിയതാണ് വിവാദമായതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. തുടര്‍ന്ന് ആരോപണങ്ങളുമായി മനു രംഗത്തെത്തി. ഇതിനോട് പി. ജയരാജന്‍ പ്രതികരിച്ചത് അനവസരത്തിലുള്ളതാണെന്നും വിലയിരുത്തി. പി. ജയരാജനു പിന്തുണയുമായി ക്വട്ടേഷൻ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതും ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തൽ.
ഇതിനുപുറമെ, ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കേണ്ടെന്ന നിലപാട് കണ്ണൂർ ജില്ല കമ്മിറ്റി തീരുമാനിച്ചത്. ഏത് തരത്തിൽ സംസാരിച്ചാലും പാർട്ടിക്ക് ദോഷം ചെയ്യുമെന്നതിനാലാണ് പ്രതികരണം വേണ്ടെന്ന് വെച്ചത്. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് മനുതോമസ് വിഷയം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത്, കണ്ണൂർ ജില്ല കമ്മിറ്റിയോട് ചോദിക്കാനായിരുന്നു പറഞ്ഞത്. എന്നാൽ, അന്നേ ദിവസം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിക്കാൻ തയ്യാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.