വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് നിരവധി പേർ ഗൾഫിലേക്ക് കടന്നു; കോവിഡ് പരിശോധനയിൽ തട്ടിപ്പെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പരിശോധന നടത്തുന്ന ലാബുകൾ വ്യാപകമായ തട്ടിപ്പ് നടത്തുന്നതായി മലബാർ െഡവലപ്മെൻറ് ഫോറം (എം.ഡി.എഫ്) പ്രസിഡൻറ് കെ.എം. ബഷീർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് നിരവധി പേർ ഗൾഫിലേക്ക് കടന്നതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാമ്പ്ൾ പരിശോധിക്കാതെ വ്യാജ പരിശോധന ഫലം നൽകിയതായി പെരിന്തല്‍മണ്ണ തൂതയിലെ പൊയ്യക്കോടി വീട്ടില്‍ അബ്ദുൽ അസീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുബൈയിലേക്ക് പോകാൻ ഈ മാസം 13ന് വളാഞ്ചേരിയിലെ ലാബില്‍ സ്രവം പരിശോധനക്കായി നല്‍കിയിരുന്നു. 14ന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇ-മെയിലിലൂടെ ലഭിക്കുകയും ചെയ്തു. എന്നാല്‍, 15ന് യാത്രക്കുള്ള ഒരുക്കത്തിനിടെ ആൻറിജന്‍ ടെസ്റ്റ് നടത്തണമെന്ന് ലാബിൽനിന്ന് ആവശ്യപ്പെട്ടതായി അസീസ് പറഞ്ഞു. വളാഞ്ചേരി ലാബിൽനിന്ന് ശേഖരിച്ച സ്രവ സാമ്പ്ള്‍ കോഴിക്കോട്ടെ സ്വകാര്യ ലാബിലാണ് പരിശോധിച്ചത്. ലാബ് നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ അസെസ്‌മെൻറ് നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞു.
ഇതിനിടെ കോവിഡ് പോസിറ്റിവാണെന്ന് കോഴിക്കോട്ടെ ലാബ് വീണ്ടുമറിയിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കിയെന്നും അസീസ് പറഞ്ഞു. എന്നാൽ, ഒറ്റപ്പാലത്തും കോഴിക്കോട്ടെ മറ്റൊരു ലാബിലും നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവായി.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കിയതായി കെ.എം. ബഷീര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തിൽ എം.ഡി.എഫ് വൈസ് പ്രസിഡൻറ് ജോയ് ജോസഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് അബൂദബി, ഷെയ്ഖ് ഷാഹിദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.