ഫ്ലോട്ടിങ് ബ്രിഡ്ജ് തിരയിൽ മറിഞ്ഞ് 11 പേർക്ക് പരിക്ക്
text_fieldsവർക്കല (തിരുവനന്തപുരം): വർക്കല പാപനാശം കടലിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് കൂറ്റൻ തിരയിൽപ്പെട്ട് മറിഞ്ഞു. പാലത്തിലുണ്ടായിരുന്ന 11 പേർക്ക് കടലിൽ വീണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ കൂറ്റൻ തിരയിൽ ഫ്രോട്ടിങ് ബ്രിഡ്ജ് ഉയർന്നു താഴുമ്പോൾ ഇതിലുണ്ടായിരുന്ന ആളുകൾ നിലതെറ്റി കൈവരിയിലേക്ക് മറിയുകയായിരുന്നു. ഇളകിപ്പോയ കൈവരിയിലൂടെ ആളുകൾ കടലിൽ വീണു. അപകടം നടക്കുമ്പോൾ 25 ഓളം പേരാണ് ബ്രിഡ്ജിൽ ഉണ്ടായിരുന്നത്. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് അപകടത്തിന്റെ തീവ്രത കുറയാനിടയായത്. അപകടം തീരത്തോട് ചേർന്നായതിനാലും തുടരെ വലിയ തിരമാലകൾ ഉണ്ടാകാത്തതിനാലും വൻ ദുരന്തം ഒഴിവായി.
ഹൈദരാബാദ് സ്വദേശികളായ ശ്രീവിദ്യ (29), അനിത (29), കാൺപൂർ സ്വദേശികളായ ഋഷഭ് (31), ഇയാളുടെ ഭാര്യ പ്രിൻസി (27), തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ വിഘ്നേഷ് (29), ഭാര്യ തമിഴ്ശെൽവി (29), കടയ്ക്കൽ സ്വദേശികളായ അൻഷാദ് (29), അസ്ന (21), അഭിഷീർ (10), നാൻസി (34), വാഴൂർ സ്വദേശി നാദിറ (14) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരിൽ ശ്രീവിദ്യ, അനിത, തമിഴ്ശെൽവി, വിഘ്നേഷ്, നാദിറ എന്നിവരെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തമിഴ്ശെൽവിയുടെ ഇടുപ്പെല്ലിനും അഭിഷീറിന്റെ കാൽപ്പാദത്തിലും പൊട്ടലുണ്ട്. പലർക്കും മണലിൽ ഉരഞ്ഞാണ് പരിക്കേറ്റത്. ചിലർക്ക് കടൽ വെള്ളം കുടിച്ചതിന്റെ അസ്വസ്ഥതകളുമുണ്ട്. അപകടം നടന്നയുടൻ ലൈഫ് ഗാർഡുകൾ, അപകടത്തിൽപ്പെട്ടവരിൽ നിന്നും നീന്തലറിയാവുന്ന യുവാക്കൾ, തീരത്തുണ്ടായിരുന്ന വിനോദ സഞ്ചാരികൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ചില തമിഴ് യുവാക്കൾക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.
അഡ്വ.വി. ജോയി എം.എൽ.എ, കേന്ദ്രമന്ത്രി വി. മുരളീധരൻ, നഗരസഭാ ചെയർമാൻ കെ.എം. ലാജി എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 25 നാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. നഗരസഭ, ഫയർഫോഴ്സ് തുടങ്ങി എട്ടോളം ഇടങ്ങളിൽനിന്നുള്ള എൻ.ഒ.സി ലൈസൻസുകൾ നേടി വേണം ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കേണ്ടത്. എന്നാൽ, വർക്കലയിൽ സ്ഥാപിച്ചതിന് ഇവയൊന്നുമില്ലെന്നാണ് നഗരസഭാ കൗൺസിലർമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.