തെറ്റിദ്ധരിപ്പിക്കപ്പെട്ട കുറെ കര്‍ഷകരും ഇടനിലക്കാരും കരാറുകാരുമാണ് ഡല്‍ഹിയിലെ കര്‍ഷകസമരത്തിന് പിന്നില്‍ -വി. മുരളീധരന്‍
text_fieldsപത്തനംതിട്ട: തെറ്റിദ്ധരിപ്പിക്കപ്പെട്ട കുറെ കര്‍ഷകരും ഇടനിലക്കാരും കരാറുകാരുമാണ് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പത്തനംതിട്ട പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമെന്ന് കരുതിയിരുന്ന ജനോപകാരപ്രദമായ പല പദ്ധതികളും സുസാധ്യമാക്കിയ സര്‍ക്കാറാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാർ.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എവിടെയെത്തുമെന്ന് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തവര്‍ക്ക് അറിയാമെന്നും പിടിവീഴുമെന്ന സ്ഥിതി വരുമ്പോള്‍ കേന്ദ്രസര്‍ക്കാറിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് ഒളിച്ചോടാനാണ് ശ്രമമെന്നും വി. മുരളീധരന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന് ഒരു സംസ്ഥാന സര്‍ക്കാറിനെയും അസ്ഥിരപ്പെടുത്തിയിട്ട് കാര്യമില്ല. ധനമന്ത്രി തോമസ് ഐസക്ക് ഭരണഘടന കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ട് കേന്ദ്ര സര്‍ക്കാറിനെയും എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിനെയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. നിയമസഭയില്‍ വെക്കേണ്ട സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടത് കീഴ്‌വഴക്ക ലംഘനമാണ്. മുതിര്‍ന്ന നേതാവായ ധനമന്ത്രിയില്‍നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണിത്.
മറ്റു പല കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം വേഗത്തിലാണ് മുന്നേറുന്നത്. മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് പ്രത്യേക അജണ്ടയില്ല. ബിലീവേഴ്‌സ് ചര്‍ച് സ്ഥാപനങ്ങളില്‍നിന്ന് നിരോധിത നോട്ടുകളടക്കം വന്‍തുക കണ്ടെത്തിയത് ഭീമമായ തട്ടിപ്പാണ് വെളിവാക്കുന്നത്.
ശബരിമല വിമാനത്താവളത്തിന് ആരും എതിരല്ല, എന്നാല്‍, അതിെൻറ മറവില്‍ നടക്കുന്ന കൊള്ളയെയാണ് എതിര്‍ക്കുന്നത്. വിമാനത്താവളത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സ്വകാര്യവ്യക്തിക്ക് പണം നല്‍കുന്നത് മറ്റു പലര്‍ക്കും സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.