കോടികൾ പൊടിച്ച ജലനിധി പദ്ധതികളിൽ പലതും ഉപേക്ഷിച്ചു
text_fieldsതിരുവനന്തപുരം: കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ജലനിധി പദ്ധതികളിൽ പലതും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടാതെ ഉപേക്ഷിച്ച നിലയിലാണെന്ന് വിജിലൻസ് കണ്ടെത്തൽ. രണ്ടുദിവസമായി തുടരുന്ന ജലനിധിയുമായി ബന്ധപ്പെട്ട ‘ഓപറേഷൻ ഡെൽറ്റ’ മിന്നൽ പരിശോധനയിലാണ് ധൂർത്തും കെടുകാര്യസ്ഥതയും വ്യക്തമായത്.
ഏഴര കോടി ചെലവഴിച്ച് നിർമിച്ച കാസർകോട് ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി, അഞ്ച് കോടി മുടക്കി മലപ്പുറം ചോക്കാട് പഞ്ചായത്തിൽ പൂർത്തീകരിച്ച പദ്ധതി, വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ 2.45 കോടി ചെലവഴിച്ച് നിർമിച്ച പദ്ധതി, കണ്ണൂർ കുന്നോത്തിൽ 66 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച മഞ്ഞക്കാഞ്ഞിരം ജലനിധി പദ്ധതി, കോട്ടയം ഭരണങ്ങാനത്ത് 41.30 ലക്ഷം മുടക്കി നിർമിച്ച പാമ്പൂരാൻ പാറ ജലനിധി പദ്ധതി, 20 ലക്ഷം ചെലവിൽ നിർമിച്ച വയനാട് പുൽപ്പളളിയിലെ പദ്ധതി തുടങ്ങിയവ ഉപയോഗശൂന്യമാണെന്ന് വിജിലൻസ് പരിശോധനയിൽ വ്യക്തമായി.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കണികയിൽ സ്ഥാപിച്ച ജലനിധി പദ്ധതി ആകെ രണ്ടുമാസം മാത്രമാണ് പ്രവർത്തിച്ചത്. പത്തനംതിട്ടയിലെ കണ്ണന്താനം പഞ്ചായത്തിൽ സ്ഥാപിച്ച 15 പദ്ധതികളിൽ സൗപർണിക, ദയ, നിള തുടങ്ങി ആറെണ്ണം നിലവിൽ പ്രവർത്തിക്കുന്നില്ല. കാസർകോട് പെരിയ പഞ്ചായത്തിലെ രണ്ടു പദ്ധതികളും കോട്ടയം കടപ്ലമറ്റം പഞ്ചായത്തിലെ നിള പദ്ധതിയും വർഷങ്ങളായി പ്രവർത്തനരഹിതമാണ്.
കണ്ണൂർ കണ്ണോത്ത് പറമ്പ പഞ്ചായത്തിലെ പദ്ധതികളും വയനാട് പുൽപ്പള്ളിയിലെ താഴശ്ശേരി ജലനിധി പദ്ധതി, തൃശൂർ എലവള്ളി പഞ്ചായത്ത്, കാസർകോട് പുല്ലൂർ പഞ്ചായത്ത്, ഇടുക്കി ചാക്കുപള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതികളും ജലലഭ്യത ഉറപ്പുവരുത്താതെയാണ് ആരംഭിച്ചത്. ജലം ലഭിക്കാത്തതിനാൽ പല ഉപഭോക്താക്കളും കണക്ഷൻ സ്വയം വിച്ഛേദിക്കുകയാണ്. കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലും ഉപഭോക്താക്കൾ കണക്ഷൻ ഉപേക്ഷിച്ചതായി വിജിലൻസ് കണ്ടെത്തി.
നൽകുന്നത് ശുദ്ധീകരിക്കാത്ത ജലം
ചില സ്ഥലങ്ങളിൽ ജലാശയങ്ങളിൽനിന്ന് നേരിട്ട് പമ്പ് ചെയ്ത് ശുദ്ധീകരണമൊന്നും നടത്താതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതായും കണ്ടെത്തി. പത്തനംതിട്ട റാന്നി പള്ളിക്കവലയിൽ നദിയിൽനിന്ന് ശേഖരിക്കുന്ന ജലം 65 കുടുംബങ്ങൾക്ക് ശുദ്ധീകരിക്കാതെ നേരിട്ട് നൽകുകയാണ്. കണ്ണന്താനം പഞ്ചായത്തിലെ ഒട്ടുമിക്ക ജലനിധി പദ്ധതികളിലും ഫിൽറ്റർ സംവിധാനം കാര്യക്ഷമമല്ല.
ജലനിധി പദ്ധതിയിലെ ഗുണഭോക്തൃ സമിതിയുടെ പഞ്ചായത്തുതല പ്രതിനിധികൾ അടങ്ങിയ സ്വകാര്യ വ്യക്തികൾ ചേർന്ന് രൂപവത്കരിച്ച ഗ്രാമപഞ്ചായത്ത് ലെവൽ ആക്ടിവിറ്റി കമ്മിറ്റി സർക്കാറിന്റെ അനുമതിയൊന്നുമില്ലാതെ ജലനിധി പദ്ധതികളുടെ ക്വട്ടേഷൻ ക്ഷണിച്ചുവരുത്തുന്നതായും ഇത് വ്യാപക അഴിമതിയിലേക്ക് നയിക്കുന്നതായും വിജിലൻസ് വിലയിരുത്തി.പല പദ്ധതികളും സാങ്കേതികാനുമതി ഇല്ലാതെയാണ് നിർമിച്ചത്. കോഴിക്കോട് താമരശ്ശേരി പഞ്ചായത്തിലെ കൊടുവള്ളിയിൽ ആരംഭിച്ച പദ്ധതി, വയനാട് കൂതാടിയിലെ പദ്ധതി, കോഴിക്കോട് താമരശ്ശേരി പഞ്ചായത്തിലെ ഏഴ് പദ്ധതികൾ എന്നിവ ഇപ്രകാരം പൂർത്തീകരിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.