തെരുവുനായുടെ മുതൽ എലിയുടെ വരെ ആക്രമണത്തിന് ഇരയായി ചികിത്സ തേടുന്നവർ ഏറെ
text_fieldsകൊച്ചി: തെരുവുനായ് മുതൽ എലിയുടെയും കീരിയുടെയും വരെ ആക്രമണങ്ങളിൽ ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു. മൃഗങ്ങളിൽനിന്നുള്ള കടിയേറ്റതിനെ തുടർന്ന് വാക്സിൻ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 2022നെ അപേക്ഷിച്ച് 2023 ജൂലൈവരെ മാത്രം 103 ശതമാനം വരെ വർധനയാണ് കാണിക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ടര വർഷത്തിനുള്ളിൽ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് 18,69,604 പേരാണ് ചികിത്സ തേടിയത്. 2023 ജനുവരി ഒന്ന് മുതൽ ജൂൺ രണ്ടുവരെ മാത്രം 84,090 പേർ നായുടെ കടിയേറ്റും 1,20,280 പേർ പൂച്ചയുടെ കടിയേറ്റും ചികിത്സ തേടിയിട്ടുണ്ട്. കുരങ്ങിന്റെ കടിയേറ്റ് 370 പേർ, കുറുക്കൻ/ ചെന്നായ കടിയേറ്റ് 179 പേർ, എലിയുടെ കടിയേറ്റ് 5276 പേർ, കീരിയുടെ കടിയേറ്റ് 186 പേർ, പശുവിന്റെ ആക്രമണത്തിൽ 441 പേർ, മറ്റുമൃഗങ്ങളിൽനിന്നായി 6073 പേർ എന്നിങ്ങനെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടി. 296 പേർ ഏത് മൃഗത്തിൽനിന്നാണ് ആക്രമണമേറ്റതെന്ന് തിരിച്ചറിയാതെയും ചികിത്സ തേടിയിട്ടുണ്ട്.
പേവിഷ ബാധക്കെതിരായ വാക്സിൻ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പ്രതികരിച്ചു. സംസ്ഥാനത്ത് പേവിഷബാധക്കെതിരെയുള്ള പ്രഥമശുശ്രൂഷയും ആന്റി റാബീസ് വാക്സിനും ലഭ്യമാക്കിയ 616 സ്ഥാപനങ്ങളിൽ ആന്റി റാബീസ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി ആവശ്യപ്പെട്ട് മലയോരമേഖലകളിൽ ഉൾപ്പെടെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സംസ്ഥാനത്ത് തെരുവുനായ് ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മൃഗങ്ങളുടെ കടിയേറ്റ് വാക്സിനെടുക്കുന്നവരുടെ എണ്ണത്തിലെ വർധനയുടെ കണക്ക് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.