ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്‍റെയും മറ്റൊരു പതിപ്പെന്ന് പ്രചാരണം; ഇ-കോമേഴ്‌സ് തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടത് നിരവധി പേർക്ക്
text_fieldsതിരൂര്‍ (മലപ്പുറം): സംസ്ഥാനത്ത് അരങ്ങ് തകർത്ത് വീണ്ടും മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ്. എത്ര തട്ടിപ്പുകള്‍ കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളി പുതുതായി 'തലവെച്ച്' കൊടുത്തിരിക്കുന്നത് ഇ-കോമേഴ്‌സ് തട്ടിപ്പിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബാളിലെ വമ്പന്‍ ക്ലബുകളുടെ സ്‌പോണ്‍സര്‍മാരെന്ന പേരിൽ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയായ 'ക്യൂനെറ്റ്' ആണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കാണിച്ച് നിരവധി പേർ പരാതിയുമായെത്തിയത്.
തിരൂര്‍ പൊലീസ് സ്റ്റേഷനിലുള്‍പ്പെടെ സംസ്ഥാനത്ത് പല സ്ഥലത്തും ഇതിനോടകം ലക്ഷങ്ങള്‍ തട്ടിയ പരാതിയും കേസും നിലനില്‍ക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പാണ് ക്യൂനെറ്റില്‍ ചേര്‍ന്ന ആലത്തിയൂര്‍ സ്വദേശിയായ യുവാവിനും മറ്റു ബന്ധുക്കള്‍ക്കും കൂടി 25 ലക്ഷം രൂപ നഷ്ടമായ വാര്‍ത്തകള്‍ പുറത്തുവന്നത്. ആലത്തിയൂര്‍ സ്വദേശിയുടെ പരാതിയിൽ തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളാഞ്ചേരിയിലും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ട്.
ആളെ ചേര്‍ക്കുന്ന ബിസിനിസാണെന്ന് പറയാതെയാണ് പലരെയും ക്യൂനെറ്റില്‍ പങ്കാളിയാക്കുന്നത്. ഓണ്‍ലൈനിൽ കൂടി റീട്ടെയില്‍ സ്ഥാപനം വാങ്ങുകയാണെന്നും അതിലെ ഉൽപ്പന്നങ്ങള്‍ വില്‍ക്കുന്നതാണ് ബിസിനസെന്നുമാണ് ആളുകളെ ധരിപ്പിക്കുന്നത്.
ഓൺലൈൻ വ്യാപാര രംഗത്തെ അധികായരായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുടെ മെറ്റാരു പതിപ്പാണ് ഇ-കോമേഴ്‌സുകളെന്ന് പരിചയപ്പെടുത്തിയാണ് ആളുകളെ ചേർക്കുന്നത്. ചേര്‍ന്ന ശേഷം ചില ഉൽപ്പന്നങ്ങള്‍ (വാട്ടര്‍ ഫ്യൂരിഫയര്‍, വാച്ച്, എയര്‍ ഫ്രഷ്നര്‍, കോസ്മറ്റിക്‌സ് തുടങ്ങിയവ) ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും.
ചേര്‍ന്നയാള്‍ രണ്ടുവര്‍ഷം ഇതില്‍ ജോലി ചെയ്തിട്ടും വരുമാനം ലഭിച്ചില്ലെങ്കില്‍ മുടക്കിയ പണം തിരിച്ചുതരുമെന്ന മോഹനവാഗ്ദാനവും കമ്പനിയുടെ ഡീലര്‍മാരണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ഇൻറര്‍വ്യൂ നടത്തുന്നവർ നൽകുന്നുണ്ട്.
അതേസമയം, ക്യൂനെറ്റിെൻറ പേരില്‍ കഴിഞ്ഞ ഏതാനും ദിവസമായി പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരാഴ്ചക്കകം കമ്പനിയില്‍നിന്ന് വാര്‍ത്തകളെക്കുറിച്ചുള്ള വ്യക്തമായ മറുപടിയുണ്ടാവുമെന്നുമാണ് ക്യൂനെറ്റ് ബിസിനസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ 'മാധ്യമ'ത്തോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.