കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പിയ കുഞ്ഞൂഞ്ഞ്
text_fieldsകോഴിക്കോട്: കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിലെ കാരുണ്യഹസ്തമാണ് ഇതിൽ ശ്രദ്ധേയം. ബധിരരും മൂകരുമായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുക എന്നത് എന്റെ സ്വപ്നമാണെന്ന് പല വേദിയിൽ പറഞ്ഞ അദ്ദേഹം കുട്ടികളുടെ ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയകളടക്കം സൗജന്യമാക്കി. ഇതിൽ പ്രധാനപ്പെട്ടതാണ് ‘ശ്രുതിതരംഗം’ പദ്ധതിയിൽ കുഞ്ഞുങ്ങൾക്ക് സൗജന്യ കോക്ലിയാർ ഇംപ്ലാന്റേഷനിലൂടെ കേൾവി ശക്തി ലഭ്യമാക്കിയത്. കുട്ടികളിലെ പ്രമേഹ ബാധയെയും പ്രാധാന്യത്തോടെ കണ്ട് അദ്ദേഹത്തിന്റെ മന്ത്രിസഭ തീരുമാനങ്ങളെടുത്തു.
പഞ്ചായത്ത് പ്ലാൻ ഫണ്ടിലെ വിഹിതം വർധിപ്പിക്കൽ, താലൂക്ക് ആശുപത്രികളിൽ മെഡിക്കൽ ബോർഡ്, മാതൃക അംഗൻവാടികളിൽ തെറപ്പി യൂനിറ്റ്, പരിശീലകർക്ക് വേതന വർധന അടക്കം പല തീരുമാനങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായി. 43 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ കോക്ലിയാര്‍ ഇംപ്ലാന്ന്റേഷന് ശസ്ത്രക്രിയ നടത്തിയതെങ്കിലും 300 കുട്ടികൾക്കായി അഞ്ച് കോടി രൂപയാണ് ആദ്യംതന്നെ നീക്കിവെച്ചത്. ശസ്ത്രക്രിയക്കുള്ള 4.57 ലക്ഷവും തുടര്‍ചികിത്സക്കുള്ള അരലക്ഷം രൂപയുമാണ് നല്‍കിയത്.
അന്ന് നൽകിയ കോക്ലിയാർ ഇംപ്ലാന്റ് ഉപകരണം മാറ്റിവെക്കേണ്ട സമയമായിട്ട് നിലവിലെ സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെ അടുത്തിടെ ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചതിലൂടെ വെളിപ്പെട്ടതും അദ്ദേഹത്തിന് ഇത്തരം കുട്ടികളോടുള്ള കരുതലായിരുന്നു. കുട്ടികളിലെ പ്രമേഹബാധിതരുടെ എണ്ണം വർധിക്കുന്നത് ഒരു രക്ഷിതാവ് ശ്രദ്ധയിൽപെടുത്തിയതോടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഇൻസുലിൻ പമ്പ് സൗജന്യമായി നൽകുന്ന തീരുമാനവും അദ്ദേഹത്തിന്റെ മന്ത്രിസഭ കൈക്കൊണ്ടു.
പദ്ധതി യാഥാർഥ്യമാവുമ്പോഴേക്കും ഉമ്മൻ ചാണ്ടി സർക്കാർ മാറി. തുടർന്ന് വന്ന സർക്കാർ ഈ പദ്ധതി ഏറ്റെടുത്തില്ല. എന്നാൽ, മൂന്നുവർഷങ്ങൾക്കുശേഷം ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ ‘മിഠായി’ പദ്ധതി ആരംഭിച്ചു. ലക്ഷങ്ങൾ ചെലവു വരുന്നതിനാൽ ഇൻസുലിൻ പമ്പ് സൗജന്യമായി നൽകാനാവില്ലെങ്കിൽ തുടർച്ചയായി പ്രമേഹ പരിശോധന നടത്താനുള്ള ഉപകരണങ്ങളെങ്കിലും നൽകണമെന്നാണ് കുട്ടികളുടെ രക്ഷിതാക്കളിപ്പോൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.