മാവോയിസ്റ്റ് വേട്ട: ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)
text_fieldsമലപ്പുറം: നിലമ്പൂരിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ദൃശ്യങ്ങൾ പുറത്ത്. വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. കുപ്പു സ്വാമിയും അജിതയും മരിച്ചുകിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരും മാവോയിസ്റ്റ് യൂണിഫോമാണ് ധരിപ്പിച്ചിട്ടുള്ളത്. വൻ സുരക്ഷയിലായിരുന്നു പൊലീസിൻെറ ഇൻക്വസ്റ്റ് നടപടികൾ നടന്നത്. അതേസമയം വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർക്ക് അനുമതി നിഷേധിച്ചു. ചിത്രങ്ങൾ തണ്ടർബോൾട്ട് സംഘം മാധ്യമപ്രവർത്തകർക്ക് നൽകുകയായിരുന്നു.
തണ്ടര്‍ബേള്‍ട്ടും കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡും ഉള്‍പ്പടെ 200 ഓളം സേനാംഗങ്ങള്‍ സര്‍വസന്നാഹങ്ങളോടെയും വിവിധ ദിശകളിലായി നിലയുറപ്പിച്ച ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയത്. 12 വാഹനങ്ങളിലായാണ് സംഘം പുറപ്പെട്ടത്. കുഴിബോംബുകളോ മറ്റോ സ്ഥാപിച്ചിരിക്കാം എന്ന നിഗമനത്തിലായിരുന്നു ഈ നടപടി. സുരക്ഷ ഉറപ്പുവരുത്തിയ ശേഷം 7.45 ഓടെയാണ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലികിന്‍െറ നേതൃത്വത്തില്‍ സംഘം 32 വാഹനങ്ങളിലും മൂന്ന് പൊലീസ് വാഹനങ്ങളിലുമായി കാട്ടിലേക്ക് പുറപ്പെട്ടത്. രാവിലെ എട്ടോടെ ഒരു റൗണ്ട് ആകശത്തേക്ക് സേന വെടിയുതിര്‍ത്തു. 10 മണിയോടെ സംഭവ സ്ഥലത്ത് സബ്കലക്ടര്‍ എത്തി. 10.30ന് ആണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍െറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയത്.
ഇവർ വനത്തിനുള്ളിലെ ക്യാമ്പിൽ താമസിച്ചിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്നും മനസിലാകുന്നത്. ടെൻറിന് പുറത്തുനിന്ന് വൈഫൈ സംവിധാനവും െഎ പാഡും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിർമിച്ച നാലു ടെൻറുകളാണ് പൊലീസ് കണ്ടെത്തിയത്. മെബൈൽഫോണുകൾ, പുസ്തകങ്ങൾ, ലഘുലേഖകൾ, തിരകൾ, തോക്കുകൾ, മാപ്പുകൾ എന്നിവയുൾപ്പെടെയുള്ളവ പ്രാഥമിക പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോയി.
കൊല്ലപ്പെട്ട ദേവരാജനും കാവേരിയും ആന്ധ്രക്കാരാണ്. വ്യാഴാഴ്ച രാവിലെ 11.30നും 12നുമിടയിലാണ് നിലമ്പൂര്‍ സൗത് ഡിവിഷനില്‍ കരുളായി റേഞ്ച് പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പൂളപ്പൊട്ടി കണ്ടംതരിശ് വനമേഖലയില്‍ പൊലീസും മാവോവാദികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 20 മിനിറ്റോളം തുടര്‍ച്ചയായി വെടിവെപ്പ് നടന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു മാസമായി പടുക്ക വനമേഖല നക്സല്‍ വിരുദ്ധസേനയുടെ നിരീക്ഷണത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.