മാവോവാദി ബന്ധം: രൂപേഷിനെ വെറുതെവിട്ട ഹൈകോടതി വിധി റദ്ദാക്കി
text_fieldsന്യൂഡൽഹി: മാവോവാദി സംഘടന ബന്ധത്തിന് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ക്രിമിനൽ നിയമപ്രകാരമുള്ള രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി 2015ൽ കേരള പൊലീസ് അറസ്റ്റു ചെയ്ത രൂപേഷിനെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ആറു മാസത്തിനകം ഹൈകോടതി ഡിവിഷൻ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ച് തീർപ്പാക്കാനും നിർദേശിച്ചു.
ഹൈകോടതി കേസ് പരിഗണിച്ചതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ വിധി. യു.എ.പി.എ കേസുകളിൽ വിചാരണക്കോടതിക്കെതിരായ അപ്പീൽ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നാണ് നിയമവ്യവസ്ഥ. എന്നാൽ ൈഹകോടതിയിൽ സിംഗിൾ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഈ ഒറ്റ കാരണം മുൻനിർത്തിയാണ് ഹൈകോടതി വിധി റദ്ദാക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിെൻറ ന്യായാന്യായങ്ങളിലേക്ക് സുപ്രീംകോടതി കടന്നില്ല. രൂപേഷ് നേരത്തെ നൽകിയ പുനഃപരിശോധന ഹരജി വീണ്ടും പരിശോധിക്കുേമ്പാൾ അക്കാര്യങ്ങൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കണം.
2013 നവംബറിൽ ആദിവാസി കോളനിയിൽ ലഘുലേഖ വിതരണം നടത്തി, സി.പി.ഐ മാവോയിസ്റ്റ് അംഗമാണ് തുടങ്ങിയവ മുൻനിർത്തിയാണ് രൂപേഷിനും മറ്റ് അഞ്ചു പേർക്കുമെതിരെ പൊലീസ് യു.എ.പി.എ, രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രത്യേക കോടതി നടപടികൾക്കെതിരെ രൂപേഷ് ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകി. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, വിചാരണ കോടതി നടപടി റദ്ദാക്കി രൂപേഷിനെ വെറുതെ വിട്ടു.
ഇതിനെതിരെ സംസ്ഥാന സർക്കാറാണ് സുപ്രീംകോടതിയിലെത്തിയത്. ഡിവിഷൻ ബെഞ്ച് യു.എ.പി.എ കേസ് കേൾക്കണമെന്നിരിക്കേ, സിംഗിൾ ബെഞ്ച് പരിഗണിച്ചത് എൻ.ഐ.എ നിയമത്തിനും സുപ്രീംകോടതിയുടെ മുൻകാല വിധിക്കുമെതിരാണെന്ന് പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.