മാവോവാദി പ്രവർത്തകൻ തമ്പിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകോഴിക്കോട്: കഴിഞ്ഞദിവസം കൊയിലാണ്ടിയിൽ അറസ്റ്റിലായ മാവോവാദി പ്രവർത്തകൻ തമ്പി എന്ന തിരുനൽവേലി അനീഷ് ബാബുവിനെ (30) യു.എ.പി.എ കോടതിയുടെ ചുമതലയുള്ള അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി. മോഹന കൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ആറ് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. 14ന് വൈകീട്ട് നാലിന് തിരികെ കോടതിയിൽ ഹാജരാക്കണം. പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവ അനീഷിൽനിന്ന് പിടിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇവ പരിശോധിച്ച ശേഷമേ തുടർ അന്വേഷണത്തെപ്പറ്റി തീരുമാനിക്കാനാവൂ.
മലപ്പുറം ജില്ലയിലെ തീവ്രവാദ കേസിൽ അനീഷ് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ഈ കേസിൽ പ്രതിയെ പിടിക്കാനാവാത്തതിനാൽ തൽക്കാലം ഒഴിവാക്കി കുറ്റപത്രം നൽകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ജില്ല പ്രോസിക്യൂട്ടർ എൻ. ഷംസുദ്ദീൻ ഹാജരായി.
കൊയിലാണ്ടി ഭാഗത്ത് പൊലീസ് വാഹനം കണ്ട് ഓടാൻ ശ്രമിച്ചെന്നും സംശയം തോന്നി പിടികൂടിയപ്പോൾ മാവോവാദത്തിനനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നും കൂടുതൽ പരിശോധനയിൽ നിരോധിത സംഘടനാംഗമെന്ന് ബോധ്യപ്പെട്ടെന്നുമാണ് കേസ്. കൊയിലാണ്ടിയിൽ പൊലീസെടുത്ത കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിപ്രസാദാണ് കസ്റ്റഡി അപേക്ഷ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.