മാവോവാദികൾ പിടിയിലായ സംഭവം: എൻ.ഐ.എ അന്വേഷണം തുടങ്ങി
text_fieldsമാനന്തവാടി: വയനാട്ടിൽ മാവോവാദികളെ പിടികൂടിയ സംഭവത്തിൽ എൻ.ഐ.എ- ഐ.ബി ഉദ്യോഗസ്ഥരെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. പിടിയിലായ മാവോവാദികളെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, കർണാടക ആന്റി നക്സല്‍ സ്ക്വാഡ് ഉദ്യോഗസ്ഥർക്കുപുറമെ തെലങ്കാന, ആന്ധ്ര, ഛത്തിസ്ഗഢ് പൊലീസും ചോദ്യംചെയ്യുന്നുണ്ട്.
പിടികൂടിയവരിൽനിന്ന് സൈനികർ ഉപയോഗിക്കുന്ന എ.കെ 47 ഉൾപ്പെടെയുള്ള തോക്കുകൾ പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള മാവോവാദി കേന്ദ്രങ്ങളില്‍, പിടിയിലായ ചന്ദ്രുവിന് പരിശീലനം ലഭിച്ചെന്ന സൂചനയുണ്ട്. എ.കെ 47 തോക്ക് ഉപയോഗിച്ചിരുന്നത് ഇയാളെന്നാണ് വിവരം.
പിടികൂടിയ തോക്കുകളിൽ ഇൻസാസ് റൈഫിൾ സൈനികരോ അർധസൈനിക വിഭാഗമോ പൊലീസോ ഉപയോഗിച്ചിരുന്നതാകാമെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
മാവോ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയശേഷം പിടിച്ചെടുത്ത ആയുധങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് സംശയം. തിങ്കളാഴ്ചയാണ് കസ്റ്റഡി കാലാവധി അവസാനിക്കുക. അതേസമയം, വെടിയുതിർത്ത് രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
മാവോവാദികളെ പിടികൂടിയതിന്റെ പിറ്റേദിവസം എൻ.ഐ.എ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
വിവിധ സ്ഥലങ്ങളിൽനിന്നുള്ള എൻ.ഐ.എ സംഘമാണ് കൽപറ്റ എ.ആർ ക്യാമ്പിലെത്തി മാവോവാദികളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും ചോദ്യംചെയ്യുന്നത്. കേന്ദ്ര ബാലിസ്റ്റിക് മിസൈൽ സംഘവും സ്ഥലത്തെത്തി തോക്കുകൾ പരിശോധിച്ചിരുന്നു.
മാവോവാദികളെ ഞായറാഴ്ച ചപ്പാരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ചോദ്യംചെയ്യലുമായി ഉണ്ണിമായയും ചന്ദ്രുവും സഹകരിക്കാത്തതിനാൽ വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.